രാജ്യത്തെ നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷക ദിനത്തില്‍ വലിയ വായ്പാതട്ടിപ്പുകാരുടെ ബാധ്യത ഒഴിവാക്കി രക്ഷിക്കുകയായിരുന്നു പിന്നിലെ പ്രധാന ഉദ്ദേശമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജിഡിപി വളര്‍ച്ച 2.2 ശതമാനം കുറഞ്ഞു. നോട്ട് നിരോധനത്തിന് പിന്നാലെ 3.3 ശതാനം ഇടിവ് തൊഴില്‍ മേഖലയില്‍ ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം വാര്‍ഷികദിനത്തില്‍ നോട്ട് നിരോധനം വിജയകരമാണെന്ന് സ്ഥാപിക്കുന്ന സ്ഥിതി വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റ് ചെയ്തു.
നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ ആകെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യത്തൊട്ടാകെയുള്ള നോട്ട് നിരോധന പ്രഖ്യാപനം. വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞ് നോക്കുമ്പോള്‍ പ്രഖ്യാപനം ഉണ്ടാക്കിയ സമ്മിശ്ര പ്രതിഭലനങ്ങളുടെ നിരയും വലുതാണ്. രാജ്യത്തിന്റെ ആകെ പണ ഉപയോഗ ശീലം നോട്ട് നിരോധനം വ്യത്യാസപ്പെടുത്തി.
നോട്ട് നിരോധനം രാജ്യത്ത് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ വളര്‍ത്തിയെന്ന് വാര്‍ഷികദിനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവകാശപ്പെട്ടു. കണക്കില്‍പ്പെടാത്ത 900 കോടി രൂപയുടെ സ്വത്ത് നോട്ട് നിരോധനത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 3950 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഓപ്പറേഷന്‍ ക്ലീന്‍ മണി സമ്പദ് വ്യവസ്ഥയെ കരുത്തുള്ളതാക്കിയെന്നും ധനമന്ത്രി അവകാശപ്പെട്ടു. 2016 നവംബര്‍ 8നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധന പ്രഖ്യാപനം നടത്തിയത്.