India

മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമെന്ന് കേരളത്തില്‍ നിന്ന് പോയ മെഡിക്കല്‍ സംഘം

കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം വേണമെന്ന് മെഡിക്കല്‍ സംഘം

മഹാരാഷ്ട്രയിലെ സ്ഥിതി ആശങ്ക ഉളവാക്കുന്നതാണെന്ന് കേരളത്തില്‍ നിന്ന് പോയ മെഡിക്കല്‍ സംഘം. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ചികിത്സാ സൌകര്യങ്ങളില്ല. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം വേണമെന്നും സംഘം പറഞ്ഞു.

ഓരോ ദിവസവും മഹാരാഷ്ട്രയില്‍ കുതിച്ചുയരുന്ന കോവിഡ് കേസുകളുടെ കണക്കുകള്‍ ആശങ്കയോടെയാണ് കാണുന്നത്. ദിവസവും 4000ത്തിനും 5000നും ഇടക്കാണ് രോഗികളുടെ എണ്ണം. കേട്ടതിനേക്കാള്‍ ഭീകരമാണ് മഹാരാഷ്ട്രയിലെ സ്ഥിതിയെന്ന് മെഡിക്കല്‍ സംഘത്തെ നയിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് എസ് സന്തോഷ് കുമാര്‍ പറഞ്ഞു.

മുംബൈ കോര്‍പ്പറേഷന്‍ നടത്തുന്ന കോവിഡ് ആശുപത്രിയായ സെവന്‍ ഹില്‍സ് ആശുപത്രിയിലാണ് മലയാളി സംഘം പ്രവര്‍ത്തിക്കുന്നത്. 20 കിടക്കയുള്ള ഐസിയു സംഘം സജ്ജമാക്കി.

തിരുവനന്തപുരം എസ് പി ഫോര്‍ട്ട് ആശുപത്രിയിലെ ഡോ.സജേഷ് ഗോപാലനും ഡോ. സന്തോഷ് കുമാറുമാണ് മഹാരാഷ്ട്രയില്‍ ആദ്യം എത്തിയത്. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടുന്ന 150 പേരുള്ള സംഘം ഇവര്‍ക്കൊപ്പമുള്ളത്. അതില്‍ 16 പേര്‍ കഴിഞ്ഞ ദിവസം മുംബൈയിലെത്തി. ബാക്കിയുള്ളവര്‍ ഉടന്‍ മുംബൈയിലെത്തും.