എൻ.പി.ആർ നടപ്പാക്കുന്നതിൽ കോൺഗ്രസിനെ തള്ളി ശിവസേന. മഹാരാഷ്ട്രയിൽ ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഈ വർഷം മെയ് ഒന്ന് മുതൽ നടപടികൾ തുടങ്ങുമെന്നും അറിയിച്ചു.
സഖ്യകക്ഷിയായ കോൺഗ്രസിന്റെ ശക്തമായ എതിർപ്പ് നിലനിൽക്കെയാണ് എൻ.പി.ആറുമായി മുന്നോട്ടു പോകാൻ താക്കറെ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മഹാരാഷ്ട്ര മഹാവികാസ് അഖാഡി സഖ്യത്തിലെ മറ്റൊരു കക്ഷിയായ എൻ.സി.പി, എൻ.പി.ആറിനെ കുറിച്ച് ഔദ്യോഗികമായി നിലപാട് അറിയിച്ചിട്ടില്ല. എന്നാൽ എൻ.പി.ആർ നടപ്പാക്കുന്നതിന് എതിരെ സാധ്യമായ നിയമവഴികൾ തേടുമെന്ന് ആഭ്യന്തരമന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശമുഖ് അറിയിച്ചിരുന്നു.
ജൂൺ അവസാനത്തോടെ എൻ.പി.ആർ പൂർത്തീകരിക്കാനാണ് സർക്കാറിന്റെ തീരുമാനം. എന്നാൽ ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് ശിവസേന നേരത്തെ അറിയിക്കുകയുണ്ടായി.