ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധമാണെന്ന് കാണിച്ചുള്ള ഹരജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. സര്‍ക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിശോധിക്കും.
ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ ഭരണഘടന വിരുദ്ധമായ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഇന്ന് വിധി പറയുക. ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തും ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചുള്ള ഗവര്‍ണറുടെ ഉത്തരവും സുപ്രീം കോടതി ഇന്ന് പരിശോധിക്കും. ഗവര്‍ണറുടെ നടപടി നിലനില്‍ക്കുന്നതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ ഭൂരിപക്ഷമുണ്ടെന്ന ബി.ജെ.പിയുടെ അവകാശവാദം അംഗീകരിച്ച ഗവര്‍ണറുടെ നടപടി കോടതി ശരിവെക്കും. മഹാ വികാസ് അഖാഡിക്ക് ഭൂരിപക്ഷമുണ്ടെന്ന് ഹരജിക്കാരും കോടതിയില്‍ അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. അങ്ങനെ വന്നാല്‍ വിശ്വാസ വോട്ടെടുപ്പിന് കോടതി ഉത്തരവിട്ടേക്കും. എന്നാല്‍ വോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്ന കോടതിയുടെ തീരുമാനവും നിര്‍ണായകമാകും.
മുന്‍ കാല ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ വിശ്വാസ വോട്ടെടുപ്പിന് എത്രയും പെട്ടെന്ന് ഉത്തരവിടണമെന്ന് ഹരജിക്കാരായ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് എന്നിവര്‍ വാദിച്ചിരുന്നു. ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്നാണ് കോടതിക്ക് ബോധ്യപ്പെടുന്നതെങ്കില്‍ സര്‍ക്കാറുണ്ടാക്കാന്‍ മഹാ വികാസ് അഖാഡിയെ ക്ഷണിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയേക്കും. ഇന്ന് 10.30നാണ് ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സജ്ഞീവ് ഖന്ന എന്നിവരടങ്ങുന്ന ബഞ്ച് ഹരജി പരിഗണിക്കുന്നത്. കേന്ദ്ര, മഹാരാഷ്ട്ര സര്‍ക്കാറുകള്‍ക്ക് പുറമെ ദേവേന്ദ്ര ഫെഡ്നാവിസ്, അജിത് പവാര്‍ എന്നിവരാണ് എതിര്‍ കക്ഷികള്‍..