രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്
മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടാൻ ഉദ്ധവ് താക്കറെ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടതിനു പിന്നാലെയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. തീയറ്ററുകൾ ഇല്ലാത്ത മാളുകളും മാർക്കറ്റ് കോംപ്ലക്സും റസ്റ്റോറന്റുകളും ഫുഡ് കോർട്ടുകളും തുറക്കാനും സർക്കാർ തീരുമാനിച്ചു. ഓഗസ്റ്റ് അഞ്ച് മുതലാണ് ഇവ തുറക്കുക. രാവിലെ ഒൻപത് മുതൽ രാത്രി ഏഴ് വരെയാണ് തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
ഓഗസ്റ്റ് അഞ്ചുമുതല്‍ ടെന്നീസ്, ജിംനാസ്റ്റിക്സ്, ബാഡ്മിന്റണ്‍ തുടങ്ങി ടീം ഇതര കായിക ഇനങ്ങള്‍ ശാരീരിക അകലം പാലിച്ചുകൊണ്ടും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചും അനുവദിക്കും. നീന്തല്‍ക്കുളങ്ങള്‍ തുറക്കില്ല. പൊതുഗതാഗതത്തില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജൂണ്‍ 25 മുതല്‍ ചില നിയന്ത്രണങ്ങളോടെ ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാ, സലൂണുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 4,00,651 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച പുതിയ 9211 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ കോവിഡ് 19 ബാധിതര്‍ 4,00,651 ആയി ഉയര്‍ന്നിരുന്നു. 14,463 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിൽ മുംബൈയിലാണ് രോഗവ്യാപനം അതിരൂക്ഷമായിരിക്കുന്നത്.