India National

മഹാരാഷ്ട്രയില്‍ ശിവസേനയുമായി കോണ്‍ഗ്രസും എന്‍.സി.പിയും നടത്തുന്ന ചര്‍ച്ചകള്‍ തുടരുന്നു

മഹാരാഷ്ട്രയില്‍ ശിവസേനയുമായി കോണ്‍ഗ്രസും എന്‍.സി.പിയും നടത്തുന്ന ചര്‍ച്ചകള്‍ തുടരുന്നു. എന്‍.സി.പിയുടെ അവസരം പാതിവഴിയില്‍ അവസാനിപ്പിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും ഒട്ടും ധൃതിയില്ലാതെയാണ് പാര്‍ട്ടികള്‍ മുന്നോട്ടു പോകുന്നത്. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിനു പുറത്ത് ബി.ജെ.പിയുമായി വീണ്ടും ഒത്തുചേരാനുള്ള ശിവസേനയുടെ സാധ്യതകള്‍ വീണ്ടും ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും പരസ്യമായി അത്തരം നീക്കങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.

ശിവസേനയുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനേക്കാളുപരി അവരെ പിളര്‍ത്തി മഹാരാഷ്ട്രയില്‍ ഭരണം പിടിക്കാനുള്ള നീക്കങ്ങളിലാണ് ബി.ജെ.പിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പാര്‍ട്ടി ബന്ധം സ്ഥാപിച്ച ചില എം.എല്‍.എമാരുമായി നാരായണ്‍ റാണെയുടെ നേതൃത്വത്തില്‍ രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നതായി സൂചനകളുണ്ട്. അതേസമയയം മുഖ്യമന്ത്രി പദവിയില്‍ ഫട്‌നാവിസ് അഞ്ചു വര്‍ഷവും തുടരുമെന്ന പഴയ നിലപാടില്‍ ബി.ജെ.പി ഇതുവരെ പിന്നാക്കം പോയിട്ടില്ല. ബി.ജെ.പിയുമായുള്ള സാധ്യത അവസാനിച്ചിട്ടില്ലെന്ന് ഉദ്ധവ് താക്കറെ പ്രസ്താവന നടത്തിയത് സ്വന്തം എം.എല്‍.എമാരെ പിടിച്ചു നിര്‍ത്താനാണെന്നാണ് സൂചന. ബി.ജെ.പിയില്‍ നിന്നും പ്രധാനപ്പെട്ട നേതാക്കളാരും ഈ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. രാഷ്ട്രപതി ഭരണത്തിനെതിരെ ധൃതിപിടിച്ച് കോടതിയില്‍ പോകുന്നതിന് മുമ്പെ ശിവസേനയും എന്‍.സി.പിയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസും തയാറെടുക്കുന്നത്.