മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്ന് പുറത്തുവരും. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഈ ഫലം നിര്‍ണായകമാണ്. രണ്ടിടത്തും ബി.ജെ.പി സഖ്യം ഭരണം നിലനിര്‍ത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍.
ഹരിയാനയില്‍ തൂക്കു സഭയെന്ന് പ്രവചിക്കുന്ന ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സര്‍വെ പുറത്ത് വന്നതോടെ വലിയ ആകാംഷയാണ് സംസ്ഥാനത്തുള്ളത്. പ്രചരണത്തില്‍ ഉടനീളം ബി.ജെ.പിക്കാണ് മുന്‍കൈയെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ബി.ജെ.പി 32-44 സീറ്റ് വരെയും കോണ്‍ഗ്രസ് 30 -44 സീറ്റ് വരെ നേടുമെന്നുമാണ് സര്‍വെ പ്രവചിക്കുന്നത്. ജാട്ട് , ദളിത് കര്‍ഷക വോട്ടുകള്‍ കോണ്‍ഗ്രസിനും ജെ.ജെ.പിക്കും ശക്തിയാകുകമെന്നാണ് സര്‍വെ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത്തവണ വോട്ടിങ് ശതമാനം കുറഞ്ഞത് ആര്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക്. മഹാരാഷ്ട്രയില്‍ 60 ശതമാനവും ഹരിയാനയില്‍ 65 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. 2014 ല്‍ മഹാരാഷ്ട്രയില്‍ 63 ശതമാനവും ഹരിയാനയില്‍ 76.54 ശതമാനവുമായിരുന്നു വോട്ടിങ്. നാളെ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും . വൈകിട്ട് അഞ്ച് മണിയോടെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായേക്കും.
ഇതിനിടെ വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും ശക്തമായി നിലവിലുണ്ട്. ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ സത്രയില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിക്കാണ് വോട്ട് ലഭിക്കുന്നതെന്ന ആരോപണം ഗ്രാമവാസികളില്‍ ചിലര്‍ ആരോപിച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. പിന്നാലെ മഹാരാഷ്ട്രയില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമുകള്‍ക്ക് സമീപം ജാമറുകള്‍ സ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.