India

അര്‍ണബിനെ പൂട്ടാന്‍ മുംബൈ പൊലീസ്; നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി

റിപബ്ലിക് ടി.വി സി.ഇ.ഒ അര്‍ണബ് ഗോസ്വാമിയുടെ പുറത്തുവന്ന വിവാദ വാട്സ് ആപ്പ് ചാറ്റില്‍ കുരുക്ക് മുറുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. സംഭവത്തില്‍ മഹാരാഷ്ട്ര ആഭ്യന്ത്ര മന്ത്രി അനില്‍ ദേശ്മുഖ് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി. ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിന്‍റെ പരിധിയിൽ അർണബിനെതിരെ കേസെടുക്കാൻ സാധിക്കുമോ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 2019ല്‍ നടന്ന ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ബാര്‍ക് സി.ഇ.ഒ പാര്‍ഥോദാസ് ഗുപ്തയുമായി സംസാരിക്കുന്നതാണ് പുറത്തുവന്ന വാട്ട്സ്ആപ്പ് ചാറ്റുകള്‍. അര്‍ണബ് ഗോസ്വാമിക്ക് എങ്ങനെയാണ് അത്രയും തന്ത്രപ്രധാനമായ വിവരങ്ങൾ ലഭിച്ചതെന്നതില്‍ കേന്ദ്രം മറുപടി പറയണമെന്ന് ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.

ബലാകോട്ട് ആക്രമണം നടക്കുന്നതിന്‍റെ മൂന്ന് ദിവസം മുന്‍പ് തന്നെ അര്‍ണബിന് അതിനെ കുറിച്ച വിവരങ്ങള്‍ അറിയാമായിരുന്നുവെന്നാണ് വാട്ട്സ്ആപ്പ് ചാറ്റ് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, സൈനിക തലവന്‍ എന്നിങ്ങനെ ചുരുങ്ങിയ ആളുകള്‍ക്ക് മാത്രം ലഭ്യമാകുന്ന തന്ത്രപ്രധാനമായ വിവരങ്ങള്‍ ഗോസ്വാമിക്ക് ലഭിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്നും ദേശ്മുഖ് പറഞ്ഞു. സംഭവത്തില്‍ 1923ലെ ഒഫിഷ്യല്‍ സീക്രട്ട്സ് ആക്ട് പ്രകാരം കേസെടുക്കാന്‍ സാധിക്കുമോ എന്ന കാര്യം ആഭ്യന്തര മന്ത്രാലയം പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ സംബന്ധിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും പുറത്തുവന്ന വാട്ട്സ്ആപ്പ് ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നുണ്ട്. അതിന് ബാര്‍ക്ക് സി.ഇ.ഒ ആശംസ അറിയിക്കുകയും ചെയ്യുന്നുണ്ട്.

പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നും അര്‍ണബ് ചാറ്റില്‍ പറയുന്നുണ്ട്. 2019 ഫെബ്രുവരി പതിനാലിന് പുല്‍വാമ ആക്രമണം നടന്ന ദിവസം വൈകീട്ട് 4.19നും 5.45നും ഇടയിലുള്ള ചാറ്റില്‍ ഈ വര്‍ഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മറ്റെല്ലാവരേക്കാളും 20 മിനിറ്റ് മുന്‍പിലാണ് തങ്ങളെന്നാണ് അര്‍ണബ് പറയുന്നത്. ‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അര്‍ണബ് പറയുന്നുണ്ട്. ഈ ചാറ്റില്‍ മോദിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

അര്‍ണബിന്‍റെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസും ശിവസേനയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി രംഗത്തുവന്നു. അർണബിന്‍റെ വാട്സ്ആപ്പ് ചാറ്റുകൾ രാജ്യസുരക്ഷയെ ബാധിക്കുന്നതെന്നാണ് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്‍റ് തലവൻ രൺദീപ് സർജ്വാല വ്യക്തമാക്കിയത്. അര്‍ണബിനെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയമാക്കുമോ? എന്ന് ശിവസേന ചോദിച്ചു. രാജ്യത്തെ ആഭ്യന്തര സുരക്ഷ വിവരങ്ങളുടെ ചോര്‍ച്ചയാണ് ഇവിടെ സംഭവിച്ചതെന്നും അര്‍ണബിനെതിരെ നടപടി സ്വീകരിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.