India National

ഒന്നുമാകാതെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വീണ്ടും നീട്ടിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണുന്നതിന് ഇന്ന് ഉച്ചയോടെ ദല്‍ഹിയില്‍ എത്തേണ്ടിയിരുന്ന എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ യാത്ര ചൊവ്വാഴ്ചത്തേക്കു നീട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. പൂനെയില്‍ എന്‍.സി.പിയുടെ കോര്‍ കമ്മിറ്റി യോഗം നടക്കുന്നതാണ് പവാറിന് ദല്‍ഹിയിലെത്താന്‍ തടസ്സമാകുന്നതെന്നാണ് വിശദീകരണം.

ശിവസേനാ സ്ഥാപകന്‍ ബാലാസാഹിബ് താക്കറെയുടെ ചരമ വാര്‍ഷിക ദിനാചരണം മുംബെയില്‍ നടക്കുന്നതു കൊണ്ട് ദല്‍ഹിയിലെ യോഗത്തില്‍ ഉദ്ധവ് താക്കറെ പങ്കെടുക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്‍.സി.പി ഇന്ന് പൂണെയില്‍ നടത്തുന്ന കോര്‍ കമ്മിറ്റി യോഗം പൊടുന്നനെ തീരുമാനിച്ചതായിരുന്നു. ശിവസേനയുടെയും എന്‍.സി.പിയുടെയും നേതാക്കള്‍ സംസ്ഥാനത്ത് സജീവമായ രാഷ്ട്രീയ നീക്കങ്ങളിലായതു കൊണ്ട് ദല്‍ഹിയിലെ കൂടിക്കാഴ്ച നീണ്ടുപോയതാണെന്നാണ് ഇരു സംഘടനകളും പറയുന്നത്. പൊതുമിനിമം പരിപാടിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ സ്വീകരിക്കേണ്ട നിലപാടും കുറെക്കൂടി കൃത്യമായി ധാരണയിലെത്തിയതിനു ശേഷം ദല്‍ഹിയിലെ കൂടിക്കാഴ്ചകള്‍ നടത്തുന്നതാണ് ഉചിതമെന്ന് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചൊവ്വാഴ്ചയേ എന്‍.സി.പിയും കോണ്‍ഗ്രസും തമ്മില്‍ ചര്‍ച്ച നടക്കാനിടയുള്ളൂ. ശിവസേന നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉണ്ടാവുക തന്നെ ചെയ്യുമെന്ന് സംഘടനാ നേതാക്കള്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കി.

ബാല്‍ താക്കറെ അനുസ്മരണ വേദിയില്‍ എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ എത്തിയതോടെ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ ഒന്നു കൂടി മങ്ങിയെങ്കിലും ക്രിക്കറ്റ് പോലെ അവസാനത്തെ ഓവറിലും എന്തും സംഭവിക്കാവുന്ന രാഷ്ട്രീയകളിയാണ് മഹാരാഷ്ട്രയിലേതെന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിധിന്‍ ഖഡ്കരിയുടെ വിശ്വാസം.