India

മഹാരാഷ്ട്രയില്‍ 12 കുട്ടികള്‍ക്ക് പോളിയോക്ക് പകരം നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍; 3 പേര്‍ക്ക് സസ്പെന്‍ഷന്‍

മഹാരാഷ്ട്ര യവത്മല്‍ ഗന്ധാജിയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍‍. ഒന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള 12 കുട്ടികള്‍ക്കാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കിയത്. സാനിറ്റൈസര്‍ സ്വീകരിച്ച കുട്ടികള്‍ അവശ നിലയിലാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

യവത്മല്‍ ജില്ലയിലെ ഗന്ധാജി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദേശീയ പള്‍സ് പോളിയോ ദിനമായ ഞായറാഴ്ചയാണ് സംഭവം നടന്നത്. രാവിലെ മുതല്‍ ഗ്രാമപഞ്ചായത്തിലുള്ള കുട്ടികള്‍ക്ക് പോളിയോ നല്‍കിത്തുടങ്ങിയിരുന്നു. എന്നാല്‍ 12 കുട്ടികള്‍ക്ക് പോളിയോക്ക് പകരം നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസറായിരുന്നു. സാനിറ്റൈസര്‍ ഉള്ളില്‍ ചെന്ന കുട്ടികള്‍ ഛര്‍ദ്ദിക്കുകയും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാനും തുടങ്ങിയതോടെ രാത്രി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ നില തൃപ്തികരമാണെന്നാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്.

” എന്‍റെ മകനും മകള്‍ക്കും ഡോസ് സ്വീകരിച്ചപ്പോള്‍ തന്നെ ഛര്‍ദ്ദിക്കാന്‍ തുടങ്ങിയിരുന്നു. ആ സമയത്ത് മൂന്ന് ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്നു. അബദ്ധം പറ്റിയെന്ന് മനസിലായപ്പോള്‍ അവര്‍ തിരികെ വിളിച്ച് വീണ്ടും പോളിയോ നല്‍കി. ഞങ്ങളുടെ മക്കള്‍ ഞങ്ങള്‍ക്ക് വലുതാണ്. ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ മക്കളുടെ ജീവന്‍ വച്ചാണ് കളിച്ചത്” ഷംറാവു ഗെഡാം എന്ന പിതാവ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് ഓഫീസര്‍, അംഗനവാടി പ്രവര്‍ത്തക, ആശാ വര്‍ക്കര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.