മുംബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുന്നതായി സൂചന. ബിജെപി, ശിവസേന എന്നീ പാര്‍ട്ടികള്‍ക്കു സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ നല്കിയ സമയപരിധി അവസാനിച്ചു കഴിഞ്ഞു. ഇപ്പോള്‍ എന്‍സിപിക്കാണ് ഗവര്‍ണര്‍ അവസരം നല്‍കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലം തങ്ങള്‍ക്കില്ലെന്ന് എന്‍സിപി അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്‍സിപിയും സര്‍ക്കാര്‍ രൂപീകരണത്തില്‍നിന്നു പിന്മാറുകയാണെങ്കില് നാലാമത്തെ കക്ഷിയായ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ ക്ഷണിച്ചേക്കും. അതല്ലെങ്കില്‍ എന്‍സിപിയുടെ മറുപടിക്കുശേഷം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ചൊവ്വാഴ്ച കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യും. അങ്ങനെയെങ്കില്‍ ചൊവ്വാഴ്ച വൈകിട്ടോടെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരും.