India National

ഒപിഎസിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് മദ്രാസ് ഹൈക്കോടതി

അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) അവകാശ തർക്ക കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തിന് തിരിച്ചടി. എഐഎഡിഎംകെയുടെ പേരും ചിഹ്നവും പതാകയും ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ പദവിയും ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി. ഒപിഎസ്സിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവ്.

അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും പാർട്ടിയുടെ പേര് ഉപയോഗിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് ഒപിഎസ് ഹർജി നൽകിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയ സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ജസ്റ്റിസുമാരായ ആർ മഹദേവൻ, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കേസ് പരിഗണിച്ചത്.

നേരത്തെ പാർട്ടി പേരും കൊടിയും ചിഹ്നവും ഉപയോഗിക്കുന്നത്തിൽ നിന്ന് ഒ.പനീർശെൽവത്തെ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും എഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമിയാണ് ചെന്നൈ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജസ്റ്റിസ് സതീഷ്കുമാർ മുമ്പാകെയാണ് ഹർജിയിൽ വാദം നടന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശേഷവും ഒ.പനീർസെൽവം ഔദ്യോഗിക ലെറ്റർ പാഡ് അടക്കം ഉപയോഗിക്കുന്നുടെന്നായിരുന്നു പളനിസ്വാമിയുടെ വാദം.