പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് മധ്യപ്രദേശിലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബി.ജെ.പി ന്യൂനപക്ഷ സെല്ലിലെ 80 ഓളം മുസ്‍ലിം നേതാക്കൾ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. പൗരത്വ നിയമത്തിലെ പ്രകടനമായ വിഭാഗീയതയില്‍ പ്രതിഷേധിച്ചാണ് കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക്. 80 ഓളം മുസ്‍ലിം നേതാക്കള്‍ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതായി നേതാക്കളിലൊരാളായ രാജിക് ഖുറേഷി ഫർഷിവാല പറഞ്ഞു. പുതുതായി ചുമതലയേറ്റ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡക്കാണ് ഇവര്‍ രാജി സമര്‍പ്പിച്ചത്. സി.എ.എയെ “മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജന വ്യവസ്ഥ” എന്ന് വിശേഷിപ്പിച്ച ഈ നേതാക്കളിൽ ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്ലിലെ നിരവധി ഭാരവാഹികളും ഉൾപ്പെടുന്നുണ്ട്.
സി.എ.എ പാസായതിന് ശേഷം സമുദായത്തിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നത് കൂടുതൽ ദുഷ്കരമായി തീര്‍ന്നുവെന്ന് രാജിവെച്ച നേതാക്കള്‍ പറഞ്ഞു. ഇതിന്റെ പേരില്‍ ആളുകൾ ഞങ്ങളെ ശപിക്കുകയും അകറ്റിനിര്‍ത്തുകയും സി.എ.എ പോലുള്ള ഒരു വിഭജന നിയമത്തെക്കുറിച്ച് എത്രനാൾ മിണ്ടാതിരിക്കാനാണ് നിങ്ങളുടെ പദ്ധതിയെന്ന് ചോദിക്കുകയും ചെയ്യുന്നുവെന്നും രാജിക് ഖുറേഷി പറഞ്ഞു. ”പീഡനത്തിനിരയാകുന്ന അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കണം. അത് ഏതു മതത്തില്‍പെട്ടയാളാണെങ്കിലും. മതത്തിന്റെ അടിസ്ഥാനത്തിൽ ഒരാള്‍ നുഴഞ്ഞുകയറ്റക്കാരനോ തീവ്രവാദിയോ ആണെന്ന് നിങ്ങൾക്ക് നിര്‍ണയിക്കാന്‍ കഴിയില്ല. ”രാജിക് ഖുറേഷി കൂട്ടിച്ചേർത്തു.
“ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം പൗരന്മാർക്ക് തുല്യ അവകാശമുണ്ട്. എന്നാൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മതത്തിന്റെ അടിസ്ഥാനത്തില്‍ സി.എ.എ നടപ്പാക്കുന്നു. ഇത് രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്നതിനും കാരണമാകും.” – രാജിക് ഖുറേഷി പറഞ്ഞു. രാജിവച്ച നേതാക്കളില്‍ ചിലര്‍ ബി.ജെ.പി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുമായി അടുത്തബന്ധം പുലര്‍ത്തുന്നവരാണ്. കൂട്ട രാജിയെ കുറിച്ച് വിജയവർഗിയയോട് ആരാഞ്ഞപ്പോള്‍, തനിക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നും നിയമത്തെ ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾ സി.എ.എയെക്കുറിച്ച് വിശദീകരിക്കുമെന്നുമായിരുന്നു മറുപടി.