India

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പുതിയ മന്ത്രിസഭ ചര്‍ച്ചകള്‍ തമിഴ്‌നാട്ടില്‍ സജീവമായി. 158 സീറ്റുകള്‍ പിടിച്ച് തിളക്കമാര്‍ന്ന വിജയത്തോടെയാണ് പത്തുവര്‍ഷത്തിന് ശേഷം ഡിഎംകെ അധികാരത്തിലേറുന്നത്.

തമിഴ്‌നാട്ടില്‍ ആദ്യമായി മുഖ്യമന്ത്രിയാകുന്ന എം കെ സ്റ്റാലിന്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. രാജ്ഭവനിലെ ലളിതമായ സത്യപ്രതിജ്ഞ ചടങ്ങോടെ അധികാരത്തിലേറും. കൊളത്തൂരില്‍ ഹാട്രിക് വിജയം നേടിയാണ് എം കെ സ്റ്റാലിന്‍ ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മാത്രം മതിയെന്നിരിക്കെയാണ് ഡിഎംകെയുടെ മിന്നുന്ന വിജയം. മുന്‍ ഡിഎംകെ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്ന മന്ത്രിസഭയാണ് സ്റ്റാലിന്റെ പരിഗണനയിലുള്ളത്. ചെപ്പോക്ക് മണ്ഡലത്തില്‍ നിന്ന് 65,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്നാണ് തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

ഡിഎംകെ സഖ്യത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ സ്ഥാനം ഉണ്ടാകും. നാളെ വിളിച്ച് ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ പാര്‍ട്ടിയുടെ നിയമസഭാ നേതാവിനെ പ്രഖ്യാപിക്കും.

ഡിഎംകെ തരംഗത്തില്‍ 76 സീറ്റുകളിലാണ് അണ്ണാ ഡിഎംകെ സഖ്യം ഒതുങ്ങിത്. മത്സരിച്ച സീറ്റുകളെല്ലാം പരാജയപ്പെട്ടതിന്റെ നാണക്കേടിലാണ് ടി ടി വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴക്കവും, കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും.