ആൾക്കൂട്ട കൊലപാതകം എന്ന പദം ഉപയോഗിക്കരുതെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം. പദത്തിലാണോ ആവർത്തിക്കുന്ന ആക്രമണങ്ങളിൽ ആണോ ആർഎസ്എസിന് ആശങ്ക എന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ബിജെപി സർക്കാർ കാലത്താണ് ആൾക്കൂട്ട ആക്രമണം വർദ്ധിച്ചെന്ന് സിപിഐ കുറ്റപ്പെടുത്തി. ആൾക്കൂട്ട ആക്രമണങ്ങൾ ആവർത്തിക്കരുതെന്ന് പറയാൻ മോഹൻ ഭാഗവത് തയ്യാറാകണമെന്ന് എ.ഐ.എം.ഐ.എം ആവശ്യപ്പെട്ടു. നാഗ്പൂരിൽ ആർഎസ്എസ് സംഘടിപ്പിച്ച വിജയദശമി പരിപാടിയിലായിരുന്നു ആൾക്കൂട്ട ആക്രമണം എന്ന പദം ഉപയോഗിക്കരുതെന്നും അത് ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നതാണെന്നുമുള്ള മോഹൻ ഭഗവതിനെ പ്രസ്താവന.
ആൾക്കൂട്ട ആക്രമണങ്ങളിൽ ആർഎസ്എസ് അപലപിക്കുന്നുണ്ടോയെന്നും കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ചോദിച്ചു. ആൾക്കൂട്ട ആക്രമണം ബിജെപി കാലത്ത് സാധാരണമായി മാറിയെന്നും ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ മോദി സർക്കാർ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും സിപിഐ നേതാവ് ഡി. രാജ പ്രതികരിച്ചു.
ഇരകളായവരും ഇന്ത്യക്കാരാണെന്ന് മോഹൻഭാഗവത് ഓർക്കണമെന്നും ആരാണ് കുറ്റക്കാരെ പൂമാലയിട്ടും ദേശീയ പതാക പുതപ്പിച്ചും സ്വീകരിച്ചതെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ചോദിച്ചു. മഹാത്മാ ഗാന്ധിയെ കൊന്ന പ്രത്യയശാസ്ത്രത്തേക്കാൾ വലിയ അപമാനം ഇല്ല. ആൾക്കൂട്ട ആക്രമണം അസാനിപ്പിക്കണമെന്ന് പറയാൻ മോഹൻഭാഗവത് തയ്യാറാകണമെന്നും അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടു.