India National

ഒരുതവണ യാത്രക്ക് 23 ലക്ഷം രൂപ; പ്രഫുൽ പട്ടേൽ നടത്തുന്നത് ആഡംബര യാത്രകൾ

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല്‍ പട്ടേൽ നടത്തുന്നത് ആഡംബര യാത്രകളെന്ന് കണക്കുകൾ. ഒരു തവണ ദ്വീപില്‍ വരാന്‍ ഖജനാവില്‍ നിന്ന് പ്രഫുല്‍ പട്ടേലിന് വേണ്ടി ചെലവഴിക്കുന്നത് 23 ലക്ഷം രൂപയിലധികമാണ്. ഡോര്‍ണിയര്‍ വിമാനം ചാര്‍ട്ട് ചെയ്‍താണ് അഡ്മിനസ്ട്രേറ്റർ യാത്രകൾ ചെയ്യുന്നത്. ആറു മാസത്തിനിടെ ദ്വീപിലേക്ക് പറന്നത് നാല് തവണയാണ്.

പ്രഫുൽ പട്ടേലിനെതിരെ അഴിമതി ആരോപണവുമായി ദാമൻ ദിയുവിലെ ഉദ്യോഗസ്ഥരും രംഗത്തെത്തി. ഇത് സംബന്ധിച്ച് സില്‍വാസയിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. 400 കോടിയുടെ നിർമ്മാണ കരാറുകൾ സ്വന്തക്കാർക്ക് നൽകിയെന്ന് പരാതിയിൽ പറയുന്നു. ഔദ്യോഗിക വസതി മോടിപിടിപ്പിക്കാൻ 17.5 കോടിരൂപ ചിലവഴിച്ചു വെന്നും പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിലുണ്ട്. നിലവിൽ ഡാമന്‍ ദിയൂവിലെ കൂടി അഡ്മനിസ്ട്രേറ്ററാണ് പ്രഫുല്‍ പട്ടേല്‍.

അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരെ തുടർച്ചയായ സമരപരിപാടികൾ ഒരുക്കാൻ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു. ഭരണ പരിഷ്കാരങ്ങൾ നേരിട്ട് ബാധിക്കുന്ന തൊഴിലാളികളെ അടക്കം ഉൾക്കൊള്ളിച്ചാകും സമരം.

അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ തുടരുന്ന ദിവസം മുഴുവൻ സമരപരമ്പരകൾ തീർക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറം തീരുമാനം. ഭരണപരിഷ്കാരങ്ങൾ മൂലം തൊഴിൽ നഷ്ടപ്പെട്ടവരും. ഭൂമി നഷ്ടമാക്കുന്നവർ അടക്കം സമരത്തിൽ അണിനിരക്കും.മത്സ്യബന്ധന മേഖലകളിൽ പണിയെടുത്തിരുന്നവർ, ക്ഷീരകർഷകർ , തുടങ്ങിയവരെല്ലാം സമരത്തിൽ പങ്കാളികളാകും.