പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയ മാര്‍ഗനിര്‍ദേശം തയാറായതായി സിബിഎസ്ഇയും ഐസിഎസ്ഇയും സുപ്രിംകോടതിയില്‍. 12ാം ക്ലാസ് ഇന്റേണല്‍ മാര്‍ക്കും 10, 11 ക്ലാസുകളിലെ അവസാന മാര്‍ക്കും പരിഗണിക്കാനാണ് നിര്‍ദേശം. സുപ്രിം കോടതിയില്‍ നിലപാട് അറിയിച്ചത് അറ്റോണി ജനറല്‍ കെ കെ വേണുഗോപാലാണ്. ഫലപ്രഖ്യാപനം ജൂലൈ 31നകം നടത്തുമെന്നും സിബിഎസ്ഇ കോടതിയില്‍. സ്‌കൂളുകള്‍ കുട്ടികള്‍ക്ക് അമിത മാര്‍ക്ക് നല്‍കുന്നത് നിരീക്ഷിക്കാന്‍ സമിതികളുണ്ടാകും. തര്‍ക്കപരിഹാര സമിതി വേണമെന്ന് കോടതി നിര്‍ദേശം സിബിഎസ്ഇ അംഗീകരിച്ചു.
30:30:40 അനുപാതത്തില്‍ 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ പരിഗണിക്കാനാണ് തീരുമാനം. 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കും 10,11 ക്ലാസുകളിലെ അവസാന മാര്‍ക്കുകളുമാണ് പരിഗണിക്കുക. 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്ക് 40% ആകും വെയ്‌റ്റേജ്. അഞ്ച് പ്രധാന വിഷയത്തില്‍ കൂടുതല്‍ മാര്‍ക്കുള്ള മൂന്നെണ്ണത്തിന്റെ ശരാശരി കണക്കാക്കും.
നിലവിലെ പരീക്ഷ റദ്ദാക്കിയെങ്കിലും മൂല്യനിര്‍ണയം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ ആശങ്ക അറിയിച്ചിരുന്നു. തുടര്‍ന്നാണ് മൂല്യനിര്‍ണയ സമിതിയെ രൂപീകരിച്ചത്. ജൂണ്‍ 14നായിരുന്നു അന്തിമ റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നതെങ്കിലും സമിതി സമയം കൂടുതല്‍ ആവശ്യപ്പെടുകയായിരുന്നു. മൂല്യനിര്‍ണയരീതി ഔദ്യോഗികമായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയ രീതിയില്‍ വിയോജിപ്പുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു.