India National

‘ലവ് ജിഹാദ്’ ബി.ജെ.പി നിർമ്മിതം; മതസൗഹാർദ്ദം തകർത്ത് രാജ്യത്തെ വിഭജിക്കുകയാണ് ലക്ഷ്യമെന്ന് അശോക് ഗെഹ്‍ലോട്ട്

രാജ്യത്തെ വിഭജിക്കുവാനും മതസൗഹാർദ്ദം തകർക്കുവാനും ലക്ഷ്യം വെച്ച് ബിജെപി നിർമിച്ച പദമാണ് ‘ലവ് ജിഹാദ്’ എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് . “വിവാഹം പൂർണ്ണമായും ഒരു വ്യക്തിയുടെ അവകാശമാണ്. അതിനെ നിയമം കൊണ്ട് നിയന്ത്രിക്കുന്നത് തീർത്തും ഭരണഘടനാവിരുദ്ധമാണ്. ജിഹാദിന് പ്രണയത്തിൽ യാതൊരു സ്ഥാനവുമില്ല”. ഗെഹ്ലോട്ട് ട്വിറ്ററിൽ കുറിച്ചു.

ലവ് ജിഹാദിനെതിരെ വരുന്ന നിയമങ്ങൾ രാജ്യത്തെ മതസൗഹാർദ്ദത്തെ തകർക്കുവാനും സാമൂഹിക സംഘർഷങ്ങൾ സൃഷ്ടിക്കപ്പെടാനുമുള്ള തന്ത്രങ്ങളായിട്ടേ കാണാൻ സാധിക്കുകയുള്ളു. പൗരന്മാർക്കിടയിൽ വിവേചനം കാണിക്കരുതെന്ന ഭരണകൂട വ്യവസ്ഥയെ നിരാകരിക്കുന്നതാണ് അത്തരം നിയമങ്ങളെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിൽ കുറിച്ചു . പരസ്പരം ഒന്നിക്കാനാഗ്രഹിക്കുന്ന ചെറുപ്പക്കാർ ഭരണകൂടത്തിന്റെ കരുണയിലാണ് ജീവിക്കുക എന്ന തരത്തിലുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.

ലവ് ജിഹാദിനെതിരെ 5 വർഷം കഠിന തടവ് ശിക്ഷയായി നടപ്പിൽ വരുത്തുമെന്ന് മധ്യപ്രദേശ് സർക്കാർ ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. ലവ് ജിഹാദ് കേസുകൾ നിയന്ത്രിക്കാൻ തക്കതായ നിയമങ്ങൾ നടപ്പിലാക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രസ്താവന ഇറക്കുകയുണ്ടായി. ഈ സാഹചര്യത്തിലാണ് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ പ്രതികരണം.