India National

സാമ്പത്തികസംവരണം: എതിര്‍ത്ത് വോട്ട് ചെയ്തത് 3 എം.പിമാര്‍ മാത്രം

മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണ ഭരണഘടനാ ഭേദഗതി ബില്ലിനെ ലോക്സഭയില്‍ എതിര്‍ത്തത് ആകെ 3 എം.പിമാര്‍ മാത്രം. മുസ്ലിം ലീഗിന്റെ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി എന്നിവരായിരുന്നു ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്.

ആകെ 326 വോട്ടുകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും സി.പി.ഐ.എമ്മും അടക്കമുള്ളവരുടെ 323 വോട്ടുകളും ബില്ലിന് അനുകൂലമായി. കോണ്‍ഗ്രസും സിപിഎമ്മും എന്‍.സി.പിയും ബില്ലിനെ പിന്തുണച്ചു. എ.ഐ.എ.ഡി.എം.കെയും തൃണമൂല്‍ കോണ്‍ഗ്രസും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. ബില്‍ രാജ്യസഭ ഇന്ന് പരിഗണിക്കും.

സാമ്പത്തിക സംവരണത്തെ അസദുദ്ദീന്‍ ഒവൈസി രൂക്ഷമായി വിമര്‍ശിച്ചു. ”ഇത് അംബേദ്കറോടുള്ള അവഹേളനമാണ്. ഒട്ടും സ്ഥിതിവിവരക്കണക്കുകളില്ലാതെയാണ് ബി.ജെ.പി സര്‍ക്കാര്‍ സംസാരിക്കുന്നത്. സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടന അനുവദിക്കുന്നില്ല.” ഒവൈസി പറഞ്ഞു.

ദാരിദ്ര നിർമാർജനത്തിന് പലതരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കാം. എന്നാൽ സംവരണത്തിന് അടിസ്ഥാനം നീതിയാണെന്നും ഭരണഘടന സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്താൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു