എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്ന് ചേരും . യോഗത്തില്‍ എന്‍.ഡി.എ സഖ്യം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയെ ഔദ്യോഗികമായി തെരഞ്ഞെടുക്കുമെന്നാണ് സൂചന. സുപ്രധാന മന്ത്രിസ്ഥാനങ്ങളിലേക്ക് ആരൊക്കെയാകുമെന്നതും ഘടകക്ഷികളുടെ മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളും വരുംദിവസങ്ങളില്‍ തീരുമാനമുണ്ടാകും.
നിലവിലെ സാഹചര്യത്തില്‍ ഈ മാസം മുപ്പതിന് രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുമെന്നാണ് സൂചനകള്‍. അതിന് മുന്നോടിയായി ഇന്ന് ചേരുന്ന എന്‍.ഡി.എ യോഗം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി നരേന്ദ്ര മോദിയെ തെരഞ്ഞെടുക്കും. വരുംദിവസങ്ങളില്‍ ആഭ്യന്തരം അടക്കമുള്ള സുപ്രധാനവകുപ്പുകളിലേക്ക് ആരൊക്കെയാകുമെന്നത് സംബന്ധിച്ച് ബി.ജെ.പി തീരുമാനമുണ്ടാകും. അസുഖബാധിതനായ അരുണ്‍ ജെയ്റ്റിലി ധനമന്ത്രി സ്ഥാനത്ത് തുടരാനുള്ള സാധ്യത വിരളമാണ്. 1971 ന് ശേഷം ഇത് ആദ്യമായാണ് കൃത്യമായ ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. സര്‍ക്കാര്‍ രൂപീകരണമടക്കമുള്ള വിഷയങ്ങളില്‍ കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അതേസമയം നരേന്ദ്രമോദി സര്‍ക്കാര്‍ രാഷ്ട്രപതി രാം നാഥ്കോവിന്ദിന് മുന്‍പാകെ ഇന്നലെ രാജി സമര്‍പ്പിച്ചു, പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതവരെ ഈ മന്ത്രിസഭ കാവല്‍ സര്‍ക്കാരായി തുടരും.