India National

‘പല ചോദ്യങ്ങൾക്കും മറുപടിയില്ല’; മൊറട്ടോറിയം വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി

മൊറട്ടോറിയം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി. ഉന്നയിക്കപ്പെട്ട പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തീരുമാനങ്ങൾ എടുത്തെന്ന് കേന്ദ്രവും റിസർവ് ബാങ്കും പറയുന്നു. എന്നാൽ, തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവ് ഇതുവരെ ഇറങ്ങിയില്ലെന്ന് കോടതി വിമർശിച്ചു. കമ്മത്ത് സമിതി റിപ്പോർട്ടും കൈമാറിയില്ല. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിനും റിസർവ് ബാങ്കിനും ഒരാഴ്ച സമയം അനുവദിച്ചു.

രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഈടാക്കില്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് പരിശോധിക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച്. തീരുമാനമെടുത്തെങ്കിലും അത് നടപ്പാക്കാനുള്ള തുടർനടപടികൾ കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ഭാഗത്ത് നിന്നുണ്ടായില്ലെന്ന് കോടതി വിമർശിച്ചു. മൊറട്ടോറിയം കാലയളവിലെ പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച കമ്മത്ത് കമ്മിറ്റിയുടെ റിപ്പോർട്ടിനെ കുറിച്ച് കേന്ദ്രസർക്കാരിന് മിണ്ടാട്ടമില്ല. കമ്മത്ത് കമ്മിറ്റിയുടെ ഏതൊക്കെ ശുപാർശകളാണ് അംഗീകരിച്ചതെന്ന് കേന്ദ്രവും റിസർവ് ബാങ്കും അറിയിക്കണം. ഉത്തരവ് ഉണ്ടാകുമെന്ന് പറഞ്ഞാൽ പോരാ, എപ്പോൾ നടപടിയെടുക്കുമെന്ന് റിസർവ് ബാങ്കിനോട് ജസ്റ്റിസ് എം.ആർ. ഷാ ആരാഞ്ഞു. കുറേക്കാലമായി ഇങ്ങനെ നീട്ടി കൊണ്ടുപോകുകയാണെന്നും വിമർശിച്ചു.

ജനങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്ന മട്ടിൽ ഉത്തരവുകൾ ഇറക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ പറഞ്ഞു. നടപടിയുണ്ടാകുമെന്നും കമ്മത്ത് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കാമെന്നും റിസർവ് ബാങ്ക് മറുപടി നൽകി. റിയൽ എസ്റ്റേറ്റ് അടക്കം മേഖലകൾ ഉയർത്തുന്ന ആശങ്കകൾ പരിഗണിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ നിർദേശം നൽകി. പൊതുതാത്പര്യഹർജികൾ ഈമാസം 13ന് വീണ്ടും പരിഗണിക്കും.