India National

ലോക്ക്ഡൗണ്‍ പരാജയം, ഇനി എന്ത് ചെയ്യാന്‍ പോകുന്നു? കേന്ദ്രത്തോട് രാഹുല്‍

ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുളള കോൺഗ്രസ് നീക്കങ്ങൾക്ക് സർക്കാർ പിന്തുണ നൽകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്ത് ലോക്ക്ഡൗണ്‍ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാല് ഘട്ടം പ്രഖ്യാപിച്ചിട്ടും ഫലം കണ്ടില്ല. കോവിഡിനെ നേരിടാൻ ഇനി എന്താണ് പദ്ധതിയെന്ന് കേന്ദ്ര സര്‍ക്കാരിനോട് രാഹുൽ ഗാന്ധി ചോദിച്ചു.

രാജ്യത്ത് കോവിഡ് ബാധിതർ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിനെതിരായ രാഹുലിന്‍റെ വിമർശനം. രണ്ട് മാസമായി അടച്ചുപൂട്ടൽ തുടർന്നിട്ടും രോഗബാധ നിയന്ത്രിക്കാനായില്ല. സർക്കാരിന്‍റെ പ്രവർത്തനങ്ങൾ നിരാശാജനകമാണ്. രോഗികളുടെ എണ്ണം കൂടുമ്പോള്‍ എന്താണ് കേന്ദ്രസർക്കാരിന്‍റെ പ്ലാന്‍ ബി? അതിഥി തൊഴിലാളികളെയും സംസ്ഥാനങ്ങളെയും എങ്ങനെ സഹായിക്കാനാണ് ഉദ്ദേശിക്കുന്നത്? രാഹുൽ ഗാന്ധി ചോദിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പര്യാപ്തമല്ല. അതിഥി തൊഴിലാളികൾ ബുദ്ധിമുട്ടുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ കൂടി. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനുളള കോൺഗ്രസ് നീക്കങ്ങൾക്ക് സർക്കാർ പിന്തുണ നൽകുന്നില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ദുരിതം അനുഭവിക്കുന്നവർക്ക് നേരിട്ട് പണം നൽകുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വിവിധ മേഖലകളിൽ പെട്ടവരുമായുള്ള രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച തുടരുകയാണ്. അതിഥി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രാഹുൽ ഗാന്ധി ഡൽഹിയിൽ ഊബർ ഡ്രൈവര്‍മാരെ കണ്ടു. എന്നാൽ പ്രതിസന്ധിക്കിടെയും രാഷ്ട്രീയ നേട്ടത്തിനാണ് കോൺഗ്രസ് ശ്രമമെന്ന് ബി.ജെ.പി ആരോപിച്ചു.