നിലവിലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മോശം അവസ്ഥയെക്കുറിച്ച് മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറയുന്നത് കേള്‍ക്കണമെന്ന് ബി.ജെ.പിയോട് ശിവസേന. മൻമോഹന്‍ സിങ് പറയുന്നത് കേൾക്കണമെന്നും ഇതിനിടയില്‍ വെറുതെ രാഷ്ട്രീയം വലിച്ചിഴക്കണ്ട എന്നുമാണ് ശിവസേന പാർട്ടി മുഖപത്രമായ സാമ്നയിലൂടെ വ്യക്തമാക്കുന്നത്.
“മന്‍മോഹന്‍ സിങ്ങിന്റെ ഉപദേശം കേള്‍ക്കണമെന്നതാണ് ദേശ താത്പര്യം. സാമ്പത്തികരംഗത്തെ മെല്ലെപ്പോക്കില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. കശ്മീരും സാമ്പത്തിക രംഗവും രണ്ട് വിഷയങ്ങളാണ്. സാമ്പദ് ഘടന ഇപ്പോള്‍ താളം തെറ്റിയ അവസ്ഥയിലാണ്”, സാമ്നയിലൂടെ ശിവസേന പറയുന്നു.
മോദി സര്‍ക്കാരിന്റെ സര്‍വ്വമേഖലയിലേയും കെടുകാര്യസ്ഥതയാണ് രാജ്യത്തെ ഈ പ്രതിസന്ധിയിലെത്തിച്ചതെന്ന് മന്‍മോഹന്‍ സിങ് വ്യക്തമാക്കിയിരുന്നു. സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ സങ്കുചിത രാഷ്ട്രീയം മറന്ന് വിഷയങ്ങളില്‍ അറിവുള്ളവരുടെ വാക്ക് കേള്‍ക്കാനും അദ്ദേഹം മോദി സര്‍ക്കാരിനെ ഉപദേശിച്ചിരുന്നു.
എന്നാല്‍ മന്‍മോഹന്‍സിങിന്റെ ഈ വാക്കുകള്‍ ബി.ജെ.പിയെ പ്രകോപിപ്പിച്ചിരുന്നു. മന്‍മോഹന്‍ സിങിന്‍റെ വാക്കുകളെ ഗൗരവത്തിലെടുക്കാന്‍ ബി.ജെ.പി തയ്യാറായിരുന്നില്ല. ബി.ജെ.പിയുടെ ഈ പ്രതികരണത്തിനെതിരെയാണ് ശിവസേന സാംനയിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്.