ലോക്ഡൌണ്‍ ഇളവിനെ തുറന്ന് മുംബൈയില്‍ തിങ്കളാഴ്ച തുറന്ന മദ്യശാലകള്‍ വീണ്ടും അടച്ചു. മദ്യഷാപ്പുകള്‍ തുറന്നതിനെ തുടര്‍ന്ന കഴിഞ്ഞ വലിയ തിക്കിനും തിരക്കിനുമാണ് മുംബൈ സാക്ഷ്യം വഹിച്ചത്. ഇതിനെ ത്തുടര്‍ന്നാണ് മദ്യ ശാലകള്‍ പൂട്ടിയത്.ഇന്ന് മുതല്‍ മദ്യശാലകള്‍ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മദ്യശാലകള്‍ തുറന്ന രണ്ട് ദിവസം വലിയ തോതില്‍ ലോക്ഡൌണ്‍ ലംഘനമുണ്ടായി. സാമൂഹിക അകലം പാലിക്കാതെ വന്‍ ജനക്കൂട്ടമാണ് മദ്യശാലകള്‍ക്ക് മുന്നില്‍ എത്തിയത്. ഇതേ തുടര്‍ന്ന് മദ്യശാലകളുടെ പ്രവര്‍ത്തനാനുമതി മുംബൈ റദ്ദാക്കുകയായിരുന്നു. പലചരക്ക് കടകള്‍, മെഡിക്കൽ ഷോപ്പുകൾ, ലാബുകള്‍ എന്നിവ മാത്രമേ തുറക്കാൻ അനുവദിക്കൂ എന്ന് ബി.എം.സി കമ്മീഷണർ പ്രവീൺ പരദേശി ഉത്തരവിറക്കി.
മദ്യശാലകള്‍ക്ക് മുന്നില്‍ ധാരാളം ആളുകള്‍ തടിച്ച് കൂടുകയാണ്. സാമൂഹിക അകലം പാലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിങ്കളാഴ്ച മദ്യശാലകള്‍ തുറന്നപ്പോഴുണ്ടായ തിരക്കിനെത്തുടര്‍ന്ന് മുംബൈയില്‍ പൊലീസ് ലാത്തി വീശിയിരുന്നു. നൂറുകണക്കിനാളുകളാണ് മദ്യം വാങ്ങാനെത്തിയത്. പലയിടത്തും ആളുകളെ നിയന്ത്രിക്കുകയെന്നത് പൊലീസിനെ വലയ്ക്കുന്നുണ്ടായിരുന്നു.
രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. 14,541 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 583 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 2,465 പേര്‍ രോഗമുക്തരാവുകയും ചെയ്തു.