India

ഏറ്റവും മികച്ച സൈനികൻ; ഓർമയായത് രാജ്യത്തിന്റെ ധൈര്യവും കരുത്തുമായ ധീരയോദ്ധാവ്…

രാജ്യത്തെ മുഴുവൻ ദുഖത്തിലാഴ്ത്തിക്കൊണ്ടാണ് ഇന്നലെ ആ വാർത്ത എത്തിയത്. തമിഴ്‌നാട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. ആ അപകടത്തിൽ ഇന്ത്യയ്ക്ക് നഷ്ടപെട്ടത് രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സൈനികനെയാണ്. നിലപാടുകളിൽ കണിശക്കാരനായ ആധുനിക യുദ്ധമുറകൾ മെനയുന്നതിൽ അഗ്രഗണ്യനായ ജനറൽ ബിപിൻ റാവത്ത്. ശത്രു രാജ്യങ്ങളുടെ ഭീഷണിയ്ക്ക് മുന്നിൽ ഇന്ത്യയുടെ ഉറച്ച ശബ്ദമായിരുന്നു ബിപിൻ റാവത്ത്. ഇന്ത്യയെ അക്രമിക്കാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ തിരിച്ചടിയ്ക്ക് ഇന്ത്യൻ സേന തയ്യാറാണ്. അതിനുള്ള സമയവും സ്ഥലവും ഇന്ത്യ തീരുമാനിക്കുമെന്ന അദ്ദേഹത്തിന്റെ ഉറച്ച വാക്കുകൾ രാജ്യത്തിന്റെ ധൈര്യവും കരുത്തുമായിരുന്നു.

1958 മാർച്ച് 16 ന് ഉത്തരാഖണ്ഡിലെ പൗരിയിലാണ് അദ്ദേഹം ജനിച്ചത്. ഡെറാഡൂണിലെ കേംബ്രിയൻ ഹാൾ സ്‌കൂളിലും ഷിംലയിലെ സെന്‍റ് എഡ്വേർഡ് സ്‌കൂളിലുമായി അദ്ദേഹം പഠനം പൂർത്തിയാക്കി. തുടർന്ന് ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിയിലും ചേർന്നു. 2019 ലെ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കര, നാവിക, വ്യോമ സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ കാര്യക്ഷമമാക്കാൻ സംയുക്ത മേധാവിയെ നിയമിക്കുമെന്ന് പ്രഖ്യാപിക്കുന്നത്. അങ്ങനെ 2020 ജനുവരി 1 ന് രാജ്യത്തെ ആദ്യ സംയുക്ത മേധാവിയായി അദ്ദേഹം ചുമതലയേറ്റു. അതോടെ സേനയെ ശക്തമാക്കാൻ വിപ്ലവകരമായ ആശയങ്ങളാണ് ബിപിൻ റാവത്ത് മുന്നോട്ട് കൊണ്ടുവന്നത്. റോക്കറ്റ് ഫോഴ്‌സ്, തിയേറ്റർ കമാൻഡ് തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ആശയങ്ങൾ ആയിരുന്നു.

പ്രതിരോധ സേനയിൽ റോക്കറ്റുകളും മിസൈലുകളും കൈകാര്യം ചെയ്യാൻ പ്രത്യേക വിഭാഗത്തിനെ സജ്ജമാക്കുകയായിരുന്നു ഈ പദ്ധതിയിലൂടെ അദ്ദേഹം ലക്ഷ്യമിട്ടത്. അതുപോലെ തന്നെ മറ്റൊരു ചരിത്രപരമായ മുന്നേറ്റമായിരുന്നു തിയേറ്റർ കമാൻഡ്. കര, നാവിക, വ്യോമസേനകള്‍ സ്വന്തം കമാന്‍ഡുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന രീതിക്കു പകരം മൂന്ന് സേനകളിലെയും ആയുധ, ആള്‍ ബലങ്ങള്‍ ഏകോപിപ്പിച്ചുള്ള സംയുക്ത കമാന്‍ഡ് ആണ് തിയറ്റര്‍ കമാന്‍ഡ്. മറ്റു ശക്തമായ രാജ്യങ്ങളിൽ ഈ വിഭാഗങ്ങൾ ഉണ്ടായിരുന്നതിനാൽ ഇന്ത്യ ഒട്ടും പിന്നാക്കം പോകരുതെന്ന അദ്ദേഹത്തിന്റെ ഉറച്ച നിലപാടായിരുന്നു ഈ തീരുമാനത്തിന് പിന്നിൽ. ആധുനിക സാങ്കേതിക രീതികളും ആധുനിക യുദ്ധമുറകളും രൂപപ്പെടുത്തുന്നതിൽ വ്യക്തമായ ധാരണയുണ്ടായിരുന്നു അദ്ദേഹത്തിന്. ഒപ്പം തന്നെ നമ്മുടെ സൈനികരാണ് നമ്മുടെ സമ്പത്തെന്ന് അദ്ദേഹം രാജ്യത്തെ ഓർമ്മിപ്പിച്ച് കൊണ്ടേയിരുന്നു.

വടക്കുകിഴക്കൻ മേഖലയിലെ ഭീകരവാദം അടിച്ചമർത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ശത്രുരാജ്യങ്ങളുടെ അതിർത്തി കടന്നുള്ള നീക്കങ്ങൾക്ക് ശക്തമായ മറുപടിയാണ് അദ്ദേഹം നൽകിയിരുന്നത്. 2016 ലെ പാക്കിസ്ഥാന്റെ കൈവശമുള്ള കശ്മീർ മേഖലയിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ആസൂത്രണം ചെയ്യുന്നതിലും ബിപിൻ റാവത്ത് ഭാഗമായി. രാജ്യത്തിനായി അദ്ദേഹം നൽകിയ സേവനങ്ങൾ പറഞ്ഞു തീർക്കാൻ സാധിക്കാത്തതാണ്. നാല്പത്തിമൂന്ന് വർഷത്തെ ധീര സേവനം പൂർത്തിയാക്കാൻ എട്ട് ദിവസം കൂടി ബാക്കിനിൽക്കെ അദ്ദേഹം ഓർമയായി.