സിബിഐ ക്ക് സ്വയം ഭരണം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മദ്രാസ് ഹൈ കോടതി. കൂട്ടിലടച്ച തത്ത യെ സ്വതന്ത്രമാക്കണമെന്ന് കേന്ദ്ര സർക്കാരിന് നിർദേശം. തെരെഞ്ഞെടുപ്പ് കമ്മിഷൻ,സിഎജി എന്നി സ്ഥാപനങ്ങൾ പോലെ സിബിഐക്കും സ്വയം ഭരണം നൽകണമെന്ന് കോടതി. കേന്ദ്ര സർക്കാരിന് നിർദേശം നൽകിയത് ജസ്റ്റിസ് എൻ കൃപാകരൻ അധ്യക്ഷനായ ബെഞ്ച്.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അന്വേഷണ ഏജൻസിയാണ് സി.ബി.ഐ.1941ൽ സ്ഥാപിതമായ സ്പെഷ്യൽ പോലീസിൽ നിന്നാണ് സി.ബി.ഐ.യുടെ തുടക്കം.1963 ഏപ്രിൽ 1-നാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ സി.ബി.ഐ. നിലവിൽ വന്നത്. ഡി.പി.കോഹ്ലിയായിരുന്നു പ്രഥമ മേധാവി. ദുർഘടമായ നിരവധി കൊലക്കേസുകൾ തെളിയിക്കാനും അഴിമതിക്കാരുടെ മുഖം മൂടി വലിച്ചൂരാനും സി.ബി.ഐ ക്ക് കഴിഞ്ഞിട്ടുണ്ട്. അഴിമതി തടയാനുള്ള വിഭാഗം, പ്രത്യേക കുറ്റകൃത്യങ്ങൾ തെളിയിക്കാനുള്ള വിഭാഗം എന്നിങ്ങനെയാണ് സി.ബി.ഐ.യിലെ രണ്ട് അന്വേഷണ വിഭാഗങ്ങൾ.
അഴിമതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ, സാധാരണ കുറ്റകൃത്യങ്ങൾ എന്നിവയെല്ലാം സി.ബി.ഐ.യുടെ അന്വേഷണ വിഷയങ്ങളാവാറുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം തുടങ്ങിയ പൊതു കുറ്റകൃത്യങ്ങളിൽ, സംസ്ഥാന സർക്കാരിന്റെ ശുപാർശയോ, സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ നിർദ്ദേശമോ ഉണ്ടെങ്കിലേ സി.ബി.ഐ. അന്വേഷണത്തിനായി എടുക്കാറുള്ളൂ. സംസ്ഥാന പോലീസിന് കുറ്റകൃത്യം തെളിയിക്കാൻ കഴിയാതിരിക്കുകയോ അല്ലെങ്കിൽ പ്രതികളുമായി ഒത്തുകളിക്കുകയോ ചെയ്യുമ്പോൾ സി.ബി.ഐ പ്രസക്തമായിത്തീരുന്നു.
സിസ്റ്റർ അഭയ കൊലക്കേസ് തെളിയിച്ചത് സി.ബി.ഐ ആണ്. അന്താരാഷ്ട്ര പോലീസ് കൂട്ടായ്മയായ ഇന്റർപോളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതും സഹകരിക്കുന്നതും സി.ബി.ഐ.യാണ്. കേന്ദ്ര പേഴ്സണൽ, പെൻഷൻ ആന്റ് പബ്ലിക് ഗ്രീവൻസസ് വകുപ്പിനു കീഴിലാണ് ഇപ്പോൾ സി.ബി.ഐ. പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രിയാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്.പ്രധാനമന്ത്രിയുടെ തീരുമാനത്താലും കേസുകളിൽ സി.ബി.ഐ അന്വേഷണം ഉണ്ടാകാറുണ്ട്.