ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൗണ്ടിങ് പുരോഗമിക്കുമ്പോള്‍ ദേശീയ തലത്തില്‍ ഇടതുപക്ഷം ലീഡ് ചെയ്യുന്നത് അഞ്ചിടത്ത് മാത്രം. സി.പി.എം മൂന്നിടത്തും സി.പി.ഐ രണ്ടിടത്തുമാണ് ലീഡ് ചെയ്യുന്നത്.
ഇതില്‍ തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളിലും കേരളത്തിലെ ഒരു മണ്ഡലത്തിലുമാണ് സി.പി.എം ലീഡ് ചെയ്യുന്നത്. എന്നാല്‍ സി.പി.ഐ ലീഡ് ചെയ്യുന്നത് തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ്. കഴിഞ്ഞ തവണ സി.പി.ഐ ജയിച്ച കേരളത്തിലെ തൃശൂരില്‍ ഇക്കുറി യു.ഡി.എഫാണ് മുന്നിട്ട് നില്‍ക്കുന്നത്.
സി.പി.ഐ പ്രതീക്ഷയോടെ നോക്കിയിരുന്ന മറ്റൊര മണ്ഡലം ബിഹാറിലെ ബെഗുസാരയായിരുന്നു. കനയ്യ കുമാര്‍ മത്സരിച്ച ആ മണ്ഡലത്തില്‍ ബി.ജെ.പിയുടെ ഗിരിരാജ് സിങാണ് മുന്നിട്ട് നില്‍ക്കുന്നത്. ഏറെക്കാലം ഭരിച്ച ബംഗാളില്‍ ഒരൊറ്റ സീറ്റിലും ഇടത് പക്ഷത്തിന് ലീഡ് എടുക്കാനായില്ല. ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയുമാണ് ലീഡ് ചെയ്യുന്നത്. തൃപുരയിലും ഇത്തവണ സിപിഎമ്മിന് സാന്നിധ്യമറിയിക്കാനായിട്ടില്ല
കർഷകപ്രസ്ഥാനങ്ങൾ സജീവമായ മഹാരാഷ്ട്രയിലടക്കം പലയിടങ്ങളിലും സിപിഎമ്മിന് വ്യക്തമായ സാന്നിധ്യമാകാൻ കഴിഞ്ഞില്ല. നരേന്ദ്രമോദി സർക്കാരിന്‍റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ സമരം നയിച്ചത് സിപിഎമ്മിന്‍റെ ഓൾ ഇന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിലായിരുന്നു.