ടാറ്റ ഗ്രൂപ്പ് ആരെയും പിരിച്ചുവിട്ടിട്ടില്ല. എന്നാൽ നിരവധി ഇന്ത്യൻ കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിട്ടത്
രാജ്യത്തെ കോർപ്പറേറ്റുകൾ മഹാമാരി കാലത്ത് ജീവനക്കാരെ പിരിച്ചുവിടുന്നത് സഹാനുഭൂതി ഇല്ലാത്തത് കൊണ്ടാണെന്ന് രത്തൻ ടാറ്റ. ഇതാണോ ഇന്ത്യൻ കമ്പനികളുടെ നീതിശാസ്ത്രമെന്നും അദ്ദേഹം ചോദിച്ചു.
“ഈ ആളുകളാണ് നിങ്ങൾക്ക് വേണ്ടി ജോലി ചെയ്തത്. തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ മുഴുവൻ കമ്പനികൾക്ക് വേണ്ടി പ്രവർത്തിച്ചവരാണ്. അവരെയാണ് മഴയത്തേക്ക് ഇറക്കിവിടുന്നത്. എന്ത് നീതിശാസ്ത്രമാണ് ഇതിന് പിന്നില്‍?” അദ്ദേഹം ചോദിച്ചു.
ടാറ്റ ഗ്രൂപ്പ് ആരെയും പിരിച്ചുവിട്ടിട്ടില്ല. എന്നാൽ നിരവധി ഇന്ത്യൻ കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറഞ്ഞത്. ടാറ്റ ഗ്രൂപ്പ് തങ്ങളുടെ മുൻനിര മാനേജ്മെന്റ് ജീവനക്കാരുടെ വേതനം 20 ശതമാനം കുറച്ചിരുന്നു. എയർലൈൻ, ഹോട്ടൽ, സാമ്പത്തിക സേവന സ്ഥാപനങ്ങൾ, വാഹന വ്യവസായം തുടങ്ങിയ ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളെല്ലാം കടുത്ത തിരിച്ചടി നേരിട്ടിരുന്നു.
സ്വന്തം ആളുകളോട് സഹാനുഭൂതി കാണിക്കാത്ത കമ്പനികൾക്ക് നിലനിൽപ്പുണ്ടാവില്ല. ലോകത്ത് എവിടെയായാലും കൊവിഡ് 19 നിങ്ങൾക്ക് തിരിച്ചടിയാകും. എന്ത് കാരണം കൊണ്ടായാലും നിലനിൽപ്പിന് വേണ്ടി ശരിയായ തീരുമാനമേ കൈക്കൊള്ളാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.