കര്‍ണാടകയില്‍ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഏഴ് പ്രതികള്‍ക്ക് വിചാരണ കോടതി നൽകിയ ജീവപര്യന്തം തടവ് ശരിവച്ച് വിധി പ്രസ്താവിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം
കൊലപാതകത്തേക്കാള്‍ വലിയ ക്രൂരതയാണ് കൂട്ടബലാത്സംഗമെന്നും ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നൽകാൻ ഇന്ത്യൻ ശിക്ഷാ നിയമം ഭേദഗതി ചെയ്യണമെന്നും കര്‍ണാടക ഹൈക്കോടതി. കര്‍ണാടകയില്‍ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഏഴ് പ്രതികള്‍ക്ക് വിചാരണ കോടതി നൽകിയ ജീവപര്യന്തം തടവ് ശരിവച്ച് വിധി പ്രസ്താവിക്കുകയായിരുന്നു കോടതി. വിചാരണക്കോടതി 2013 സെപ്റ്റംബറിലും 2017 ലും പുറപ്പെടുവിച്ച വിധിയാണ് ജസ്റ്റിസ് ബി വീരപ്പ, ജസ്റ്റിസ് കെ നടരാജൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചത്.
കൂട്ടബലാത്സംഗ കൊലപാതകത്തിനാണ് നിലവിൽ വധശിക്ഷയുള്ളത്. മരണമില്ലാത്ത കൂട്ടബലാത്സംഗത്തിന് ഐ.പി.സി 376 ഡി വകുപ്പ് പ്രകാരം വധശിക്ഷയില്ല. ഒന്നോ അതിൽകൂടുതൽ ആളുകളോ ചേർന്ന് സ്ത്രീയെ ബലാത്സംഗം ചെയ്താൽ 20 വർഷത്തിൽ കുറയാതെയും ജീവിതാവസാനം വരെയും കഠിനതടവ് മാത്രമാണുള്ളത്.
എന്നാല്‍ എല്ലാത്തരം കൂട്ടബലാത്സംഗത്തിനും വധശിക്ഷ ഉൾപ്പെടുത്തുന്നതിനായി ദേശീയതലത്തിൽ നിലവിലുള്ള നിയമം ഭേദഗതി ചെയ്യണമെന്ന് കോടതി നിർദേശിച്ചു. 2012 ഒക്ടോബർ 13 ന് നഗരത്തിലെ ജ്ഞാന ഭാരതി ക്യാമ്പസിന് സമീപം 21 കാരിയായ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശരിവയ്ക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
സ്വാതന്ത്ര്യം ലഭിച്ച 74 വർഷം പിന്നിട്ടിട്ടും സ്ത്രീകൾ സുരക്ഷിതരല്ല. രാത്രികാലങ്ങളിൽ വനിതകൾക്ക് സ്വതന്ത്രമായി റോഡിലൂടെ നടക്കാൻ എപ്പോഴാണോ കഴിയുന്നത് അന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചുവെന്ന് പറയാമെന്ന രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വാക്കുകൾ ഓർക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.