അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ 800 കോടി നിക്ഷേപിക്കുമെന്നും ചൈനയിലേക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റി അക്കുകയാണ് സ്വപ്‌നമെന്നും ലാവ എം.ഡി അറിയിച്ചു…
സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മ്മാണം ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റുമെന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ലാവ ഇന്റര്‍നാഷണല്‍. അഞ്ചുവര്‍ഷം കൊണ്ട് 800 കോടിരൂപ ഇന്ത്യയില്‍ നിക്ഷേപിക്കാനാണ് ലാവയുടെ തീരുമാനം. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ലാവയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാനാണ് തീരുമാനമെന്ന് ലാവയുടെ മാനേജിംഗ് ഡയറക്ടര്‍ ഹരി ഓം റായ് പി.ടി.ഐയോട് പറഞ്ഞു.
ചൈനയില്‍ 600-650 ജീവനക്കാരാണ് ലാവക്ക് ഉള്ളത്. ഇത് പൂര്‍ണ്ണമായും ഇന്ത്യയിലേക്ക് മാറ്റാനാണ് നോയ്ഡ ആസ്ഥാനമായുള്ള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലാവയുടെ പദ്ധതി. ചൈനയിലേക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റി അയക്കുകയെന്നതാണ് തന്റെ സ്വപ്‌നമെന്നാണ് ഹരി ഓം റായ് പറയുന്നത്. ഇപ്പോള്‍ തന്നെ ഇന്ത്യന്‍ കമ്പനികളുടെ മൊബൈല്‍ ചാര്‍ജറുകള്‍ ചൈനയിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഭാവിയില്‍ സ്മാര്‍ട്ട്‌ഫോണുകളും ഇത്തരത്തില്‍ ചൈനയിലേക്ക് കയറ്റി അയക്കാനാകുമെന്നാണ് ഹരി ഓം റായുടെ പ്രതീക്ഷ.
ഇന്ത്യയിലേക്ക് ഇലക്ട്രോണിക് നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്നതിന് ഏപ്രിലില്‍ മൂന്ന് പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മൂന്നിലും കൂടി ആകെ 48000 കോടിയുടെ ഇളവുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. 2025 ആകുമ്പോഴേക്കും 20 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.