ഇന്ത്യന്‍ സംഗീതത്തിന്റെ വാനമ്ബാടി ലത മങ്കേഷ്കറുടെ നില അതീവഗുരുതരം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രിയഗായികയുടെ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിന്റെ സഹായം തേടിയിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂമോണിയ്ക്ക് പുറമേ, ലെഫ്റ്റ് വെന്‍ട്രിക്യൂലറിന്റെ പ്രവര്‍ത്തനവും നിലച്ചിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ശ്വാസതടസമായി ലതാ മങ്കേഷ്കറിനെ മുംബൈയിലെ ബ്രീച്ച് ക്യാന്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കുറച്ച് മണിക്കൂറിനകം തന്നെ പ്രിയ ഗായികയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടായിരുന്നു, ഇത് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നാണ് പ്രിയഗായികയുടെ നില ഗുരുതരമായത്.
ലതാ മങ്കേഷ്കറിന്റെ നവതി ഗംഭീര ആഘോഷമാക്കുകയായിരുന്നു ഇന്ത്യന്‍ സംഗീത ലോകം. ഈ കഴിഞ്ഞു പോയ സെപ്റ്റംബറിലായിരുന്നു ലതാ മങ്കേഷ്കറിന്ഡൃറെ 90 ാം പിറന്നാള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗായകരില്‍ ഒരാളാണ് ലതാ മങ്കേഷ്കര്‍. പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്‌നം(2001), മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ തുടങ്ങി അനേകം ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 1999-ല്‍ അവര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ബോളിവുഡ് ഗായിക ആശാ ഭോസ്‌ലേ ലതാ മങ്കേഷ്‌കറിന്റെ ഇളയ സഹോദരിയാണ്.