Europe India Pravasi Switzerland UK

ജീവന്റെ ഉറവയും ഉറവ് തടയുന്ന മതിലുകളും – ജോസ് വള്ളാടിയിൽ

ബോബി ജോസ് കട്ടിക്കാട് എന്ന പുരോഹിതൻ കാലത്തിനു മുൻപേ സഞ്ചരിക്കുന്ന ഒരു അത്ഭുത മനുഷ്യനാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. മനുഷ്യബുദ്ധിയിലേക്ക് കടന്നുവരുന്ന പ്രകാശകിരണങ്ങളാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. ശബ്ദവും വെളിച്ചവും കാതടപ്പിക്കുന്ന സ്തുതിപ്പുകളും ചേർന്ന് മായിക പ്രപഞ്ചമൊരുക്കുന്ന അഭിനവ ധ്യാന ഗുരുക്കന്മാരിൽ നിന്നും വളരെ അകലെയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സാധാരണ മലയാളി ധ്യാനങ്ങളിൽ അദ്ദേഹത്തെ കാണുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല.

ഞ്ചപ്പം എന്ന ഭക്ഷണശാല കേരളത്തിൽ പലയിടത്തും പ്രവർത്തിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഇവിടെ നിന്നും ആർക്കും വയർ നിറയെ ഭക്ഷണം കഴിക്കാം. ആരും പണം ചോദിക്കില്ല. ഊണിന് ഇരുപത്തഞ്ച് രൂപാ മാത്രം. അധികം നൽകാൻ നിങ്ങൾക്ക് മനസ്സുണ്ടെങ്കിൽ ആ പണം മറ്റാരുടെയെങ്കിലും വിശപ്പ് അകറ്റിയിരിക്കും.

ബോബി അച്ചന്റെ പ്രഭാഷണത്തിലെ ഒരാശയം കടമെടുത്തു കൊണ്ട്  ഞാൻ ചില കാര്യങ്ങൾ കുറിക്കുവാൻ ആഗ്രഹിക്കുന്നു.

വി. യോഹന്നാൻ എഴുതിയ സുവിശേഷം നാലാം അദ്ധ്യായത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്. യേശു ശമര്യയിലെ സുഖാർ എന്ന നഗരത്തിൽ എത്തി. യാക്കോബ് തന്റെ പുത്രനായ ജോസഫിന് കൊടുത്ത വയലിന് അരികെയായിരുന്നു ആ നഗരം. ക്ഷിണിതനായ യേശു കിണറ്റിനരികെ ഇരുന്നു. അപ്പോഴാണ് ശമര്യാക്കാരി വെള്ളം കോരാൻ അവിടെ വരുന്നത്. യഹൂദരും ശമര്യാക്കാരും തമ്മിൽ നല്ല ബന്ധത്തിൽ അല്ലാതിരുന്നതുകൊണ്ട് ഉണ്ടാകുന്ന ചില സംഭാഷണങ്ങളും സുവിശേഷത്തിൽ കാണാം. ക്രിസ്തു അവളോട് പറയുന്ന ശ്രദ്ധേയമായ ചില വചനങ്ങളുണ്ട്. ഈ കിണറിലെ വെള്ളം കുടിക്കുന്നവർക്ക് ദാഹിക്കും എന്നാൽ ഞാൻ നൽകുന്ന ജലം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. അത് നിത്യ ജീവനിലേക്ക് നിർഗ്ഗളിക്കുന്ന നീരുറവ ആയിത്തിരും. (യോഹ. 4 :14 )

നിത്യജീവന്റെ ഉറവിടവും ഉറവയുമാണ് യേശു . ഇപ്രകാരമൊരു വ്യാഖ്യാനമാണ്  ഈ ബൈബിൾ ഭാഗത്തുനിന്നും ധാരാളമായി കേട്ടിട്ടുള്ളത്. അതോടൊപ്പം  മറ്റൊരാശയം കൂടി ബോബി അച്ഛന്റെ പ്രഭാഷണത്തിൽ നിന്നും ലഭിക്കുകയുണ്ടായി. വളരെ ശ്രദ്ധേയമായി എനിക്ക് തോന്നിയ ആ ആശയത്തിന് അനുദിനം പ്രസക്തി കൂടിവരികയുമാണ്. വർത്തമാനകാലത്തിന്റെ പുറമ്പോക്കിൽ ഇരുന്ന് ഈ ആശയത്തിലൂടെ നോക്കിക്കാണുക എന്ന ലക്ഷ്യമാണ് ഈ ലേഖനത്തിനുള്ളത്.

ശമര്യക്കാരി  ഒരു വലിയ പാരമ്പര്യത്തെപ്പറ്റി ക്രിസ്തുവിനോട് അഭിമാനത്തോടെ പറയുന്നുണ്ട്.  ഇത് യാക്കോബിന്റെ കിണറാണ്, ഈ കിണർ ഞങ്ങൾക്ക് തന്ന യാക്കോബിനെക്കാൾ വലിയവനാണോ നീ. അയാളും പുത്രന്മാരും കന്നുകാലികളും ഇതിൽ നിന്നാണ് വെള്ളം കുടിച്ചിരുന്നത്. പാരമ്പര്യത്തിന്റെ മഹത്വത്തിൽ ഊറ്റം കൊള്ളുന്ന ശമര്യാക്കാരി എന്ന ആശയമാണ് ഞാൻ കടം കൊണ്ടത്.  ഈ ആശയത്തിൽ നിന്നുകൊണ്ട് എന്റേതായ കാഴ്ചപ്പാടുകൾ പങ്കു വയ്ക്കുകയാണ്..

ഈ സുവിശേഷത്തിലെ  സ്ത്രീ   അഭിമാനിക്കുന്നത് പാരമ്പര്യമായി കിട്ടിയ കിണറിലാണ്. എന്നാൽ ക്രിസ്തു അവളെ ബോദ്ധ്യപ്പെടുത്തുവാൻ ശ്രമിക്കുന്നത് ഉറവയുടെയും ജീവജലത്തിന്റെയും പ്രാധാന്യമാണ്. യാക്കോബിന്റെ കിണറിൽ അഭിമാനം കൊള്ളുന്ന ശമര്യക്കാരിക്ക് ഉറവയുടെ പ്രാധാന്യം മനസ്സിലാകുന്നില്ല.

ഉറവയെ സൂക്ഷിക്കുകയും  ആവശ്യക്കാർക്ക് ലഭ്യമാക്കുകയും  ചെയ്യുകയാണ്  കിണറിന്റെ ധർമ്മം. പല ആകൃതിയിലും ഭംഗിയിലും നിറത്തിലും ലഭിക്കുന്ന കല്ലുകൾ കൊണ്ട് കിണറിനു മതിൽ കെട്ടി ആകർ ഷണീയമാക്കാം.

പലപ്പോഴും നീരുറവയേക്കാൾ നാം പ്രാധാന്യം നൽകാറുള്ളത് കിണറിനും ചുറ്റുമുള്ള മതിലിനുമാണ്. മതിലിനു ഭംഗി കൂട്ടുവാനുള്ള ബദ്ധപ്പാടിൽ ഉറവയെ മറക്കുകയും ചെയ്യും. റീത്ത്, പാരമ്പര്യം, വംശമഹിമ, രക്തശുദ്ധി,രാഷ്ട്രീയസ്വാധിനം,എന്നിങ്ങനെയുള്ള കല്ലുകൾ കൊണ്ട് മതിൽ കെട്ടി ക്രിസ്തുവാകുന്ന ഉറവയെ ശേഖരിക്കുവാനുള്ള പരിശ്രമങ്ങളാണ് വിവിധ ക്രിസ്ത്യൻ സഭകൾ കാലങ്ങളായി നടത്തിവരുന്നത്.  മൂന്നാം നൂറ്റാണ്ടിനുശേഷം പാശ്ചാത്യ സഭ രാജകിയ പ്രൗഢിയെന്ന മനോഹരമായ മതിലുകൊണ്ടാണ് ഉറവയെ സംരക്ഷിച്ചത്. അവസാനം ഉറവ വറ്റുന്നതും മതിലുകൾ ക്ഷയിക്കുന്നതും നാം കാണുന്നു.

തങ്ങളുടെ കിണറ്റിലെ ഉറവയാണ് യഥാർത്ഥമായിട്ടുള്ളതെന്ന് ഓരോ വിഭാഗങ്ങളും അവകാശപ്പെടുന്നു. പള്ളിക്കും സ്വത്തിനും വേണ്ടി തല തല്ലിപ്പൊളിക്കുന്ന ക്രിസ്ത്യാനികൾ ഉറവയെ മറന്ന് മതിലിന്റെ അവകാശത്തിനായിട്ടാണ് പോരടിക്കുന്നത്. കല്ലുകൾക്ക് വേണ്ടി രക്തം ചൊരിയുമ്പോൾ ആ രക്തം വീണ് ജീവന്റെ ഉറവ കളങ്കപ്പെടുകയാണെന്ന് എന്തേ മനസ്സിലാകാത്തത്. റീത്തുകളാകുന്ന കല്ലുകൾ കൊണ്ട് മതിൽ കെട്ടി ജലം ശേഖരിച്ച് അതിൽ നിന്ന് മാത്രമേ കുടിക്കാവു  എന്ന്  ശഠിക്കുമ്പോൾ പ്രാധാന്യം കല്ലുകൾക്ക് മാത്രമാകുന്നു.

യാക്കോബിന്റെ കിണർ എന്ന ശമര്യാക്കാരിയുടെ അഭിമാനം പോലെ പലവിധ പാരമ്പര്യങ്ങളുടെയും പൗരാണികതയുടെയും കല്ലുകൾ കൊണ്ടാണ് ഓരോ സഭാവിഭാഗവും കെട്ടിപ്പൊക്കിയിരിക്കുന്നത്.  ഈ കിണറുകളിലെ ജലം ഒരേ ഉറവയിൽ നിന്നുമാണ് ആവിർഭവിക്കുന്നതെന്ന സത്യം പലപ്പോഴും വിശ്വാസികളും മറക്കുന്നു. സ്വന്തം കിണറ്റിലെ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ആചാര്യന്മാർ കഷ്ടപ്പെട്ട് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ്  കേരളത്തിലെ കിണറുകളിൽ നിന്നും വെള്ളം കുടിച്ചിരുന്നവർ അന്യ രാജ്യങ്ങളിൽ കുടിയേറിയപ്പോൾ അവർക്ക് പിന്നാലെ കേരളത്തിലെ കിണറ്റിൽ നിന്നും വെള്ളവുമായി റീത്തുകൾ  വരുന്നത്.

അന്നം നൽകുന്ന രാജ്യം അവരുടെ കിണറ്റിൽ നിന്നും ആവോളം പാനം ചെയ്യുവാൻ അനുവദിച്ചിട്ടും അതിലും ശ്രേഷ്ടമായത് ഞങ്ങളുടെ കിണറ്റിലെ വെള്ളമാണെന്ന് ചിന്തിക്കുവാൻ പലരും മനസ്സിനെ  പാകപ്പെടുത്തിക്കഴിഞ്ഞു. ഏറ്റവും രസകരമായ കാര്യം കേരളത്തിലെ ഉറവയിൽ നിന്നും കൊണ്ടുവരുന്ന ജലം വിദേശിയുടെ കിണറ്റിൽ സൗജന്യമായി സൂക്ഷിച്ച് ആ മതിലിൽ കയറിനിന്നാണ് കോരിക്കൊടുക്കുന്നത്.

 കേരള സഭയിലെ ഒരു  പ്രശ്നവും  ചർച്ചയിൽ പോലും വരാതെ വാട് സ്  ആപ്പ് ഗ്രുപ്പുകളിൽ പ്രാർത്ഥനയും ഫോട്ടോകളും പങ്കുവച്ച് വിശ്വാസികളെ പരമ ഭക്തരാക്കുന്നതിൽ കിണറിന്റെ കാവൽക്കാർ  പ്രത്യേകം ശ്രദ്ധ കൊടുക്കുന്നുണ്ട്. മതിലിനും  കിണറിനും കൂടുതൽ പ്രാധാന്യം നൽകുമ്പോൾ  ജീവന്റെ ഉറവ അപ്രധാനമാകുന്നു.

സിറോ മലബാർ സഭയിൽ ഇന്ന് നടമാടുന്ന പോലീസ് കേസുകളും കോടതി വ്യവഹാരങ്ങളും  ജീവന്റെ ഉറവക്ക് വേണ്ടിയുള്ളതല്ല പിന്നയോ മതിലിലെ ചില കല്ലുകൾക്ക് വേണ്ടി മാത്രമാണ്. സമുദ്രത്തിലെ മഞ്ഞു മലയുടെ ചെറിയൊരു ഭാഗം കണ്ടിട്ട് ചേരി തിരിഞ്ഞു പക്ഷം പിടിക്കുന്ന വിശ്വാസികളും ഉറവയെ മറക്കുന്നു.

കാലങ്ങളായി അനുവർത്തിക്കുന്ന വ്യവസ്ഥിതികൾ ആവശ്യമെങ്കിൽ തിരുത്തുകയും മാറ്റി എഴുതുകയും ചെയ്യാം. അങ്ങനെ തിരുത്തിയത് കൊണ്ട് മാത്രമാണ് സമൂഹം പരിഷ്ക്രുതമായത് . സിറോ മലബാർ സഭയിലെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനം ഒരാൾക്ക് അഞ്ചു വര്ഷം മാത്രം എന്ന് തീരുമാനിച്ചു കൂടെ? ഓരോ അഞ്ചു വർഷവുംകൂടുമ്പോൾ    തെരഞ്ഞെടുപ്പ് നടത്തി മറ്റൊരു മെത്രാൻ ഈ പദവിയിലേക്ക് വരട്ടെ. ഒരു സ്ഥാനവും പെൻഷൻ പറ്റുന്നതുവരെ നൽകുന്നത് ഉചിതമല്ല. അത് ഏകാധിപത്യ പ്രവണതകൾക്ക് കാരണമായിത്തിരും. അവിടെയൊക്കെ  പ്രശ്നങ്ങൾ തനിയെ ഉയർന്നുവരും. ഈ നയം  രുപതാ മെത്രാൻ പദവിയിലും കൊണ്ടുവരാവുന്നതാണ്. ഒരു വ്യക്തി പരമാവധി പത്ത് വര്ഷം മാത്രം രൂപതാ മെത്രാൻ  ആയിരിക്കട്ടെ. ദിർഘകാലം ഈ പദവിയിൽ ഇരിക്കുന്ന മെത്രാന്മാർ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പല വൈദികരെയും കാലങ്ങളോളം കഷ്ടപ്പെടുത്തിയിട്ടുള്ളത് ലേഖകൻ അറിഞ്ഞിട്ടുണ്ട്.  സർക്കാരുകൾ മാറിവരും, ഉദ്യോഗസ്ഥർക്ക് സ്ഥലം മാറിപ്പോകാം എന്നാൽ വൈദികന് ആ രൂപതയിൽ നിന്നും മാറിപ്പോകാനാവില്ല. മെത്രാന്റെ ബ്ലാക് ലിസ്റ്റിൽ പെട്ടാൽ പിന്നെ ആ വൈദികൻ രക്ഷപ്പെടില്ല.

കിണറിന്റെ പൗരാണികത, വംശ ശ്രേഷ്ഠത, അധികാരത്തിന്റെ ആകർഷണീയത, സാമ്പത്തിക രാഷ്ട്രീയ ബലം,തുടങ്ങിയവയിലൊക്കെ ആശ്രയിച്ച് സിംഹാസനം ഉറപ്പിക്കുന്നവർ മത മനുഷ്യരായി അധഃപതിക്കുകയാണ്.  അവർ ആന്മിയ മനുഷ്യരായി മാറുകയെന്നത്   അസാദ്ധ്യവുമാണ്. ഒരു മത മനുഷ്യൻ തന്റെ മതത്തിനും തന്റെ ദൈവത്തിനും വേണ്ടി എന്തും  ചെയ്യും. അധികാരസ്ഥാനങ്ങൾക്കായി ഏതറ്റം വരെയും പോകും.  താൻ ചെയ്തുകൂട്ടുന്നതൊക്കെ പുണ്യമാണെന്നായിരിക്കും അയാൾ ചിന്തിക്കുന്നത്. ഒരു  ആന്മിയ മനുഷ്യന് മുൻപിൽ ഏവരും ദൈവസൃഷ്ടികളും സഹോദരരും  സഹജീവികളുമാണ്. ആത്മീയ മനുഷ്യനെ രൂപപ്പെടുത്തുവാൻ ചുമതലയുള്ള മതങ്ങൾ പരാജയപ്പെടുമ്പോൾ മത മനുഷ്യർ വളരുന്നു.

സിറിയൻ പാരമ്പര്യം, ആരാധനാ ക്രമം, കുരിശിന്റെ ആകൃതി, സിംഹാസനത്തിനു വേണ്ടിയുള്ള പിടിവലി, വ്യാജരേഖ വിവാദം, വസ്തു വിൽപ്പന കേസുകൾ,തുടങ്ങിയ കല്ലുകൾ കൊണ്ട് കെട്ടുന്ന കിണറ്റിൽ ജീവന്റെ ജലം നിറയുമോ ? ആരുടെയൊക്കെ രക്തം ചിന്തിയാലും ഞങ്ങൾ കൊണ്ടുവരുന്ന കല്ലുകൾ കൊണ്ടു തന്നെ കിണർ പണിയണമെന്ന് ചിന്തിക്കുന്ന എല്ലാ ക്രൈസ്തവ വിഭാഗങ്ങളും മറക്കരുതാത്ത വലിയൊരു സത്യമുണ്ട്. നിങ്ങൾ പിടിച്ചെടുക്കുന്ന സിംഹാസനങ്ങൾക്ക് മുകളിൽ മുന്ന് ആണികളിൽ അൽപ വസ്ത്രധാരിയായി കുരിശിൽ തൂങ്ങിയ ഒരു മനുഷ്യനുണ്ട്. നിങ്ങളുടെ ബഹുമാനത്തിനുവേണ്ടി അപമാനിതനായവൻ, നിങ്ങളുടെ രാജകിയ വസ്ത്രങ്ങൾക്ക് വേണ്ടി വസ്ത്രം ഉരിയപ്പെട്ടവൻ, നിങ്ങളുടെ സമ്പത്തിനുവേണ്ടി ദരിദ്രനായവൻ,അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട്.

ഒരു മെത്രാൻ സിംഹാസനം അലങ്കരിക്കുന്നവനായും സ്ഥാപനസമൂഹത്തിന്റെ തലവനായും സമർത്ഥനായ ഭരണാധികാരിയായും അറിയപ്പെടുന്നതിൽ ക്രിസ്തുവിന്റെ സഭക്ക് അഭിമാനിക്കുവാൻ ഒന്നുമില്ല. വിശുദ്ധ വിജ്ഞാനീയങ്ങളിൽ പ്രാവിണ്യം നേടിയ അനേകം പണ്ഡിതരായ വൈദികർ നമുക്കുണ്ട്. എന്നാൽ ജീവിത വിശുദ്ധിയുടെ ആഴങ്ങളിലേക്ക് ഇറങ്ങി അംഗീകാരം പിടിച്ചുപറ്റിയ പണ്ഡിതർ തുലോം കുറവാണ്. നിലവിലുള്ള വ്യവസ്ഥിതി തുടരുന്നതിലുള്ള വ്യഗ്രത മാത്രമാണ് പലപ്പോഴും ഇവരിലൂടെ നാം കാണുന്നത്.

സ്ഥാപനങ്ങളുടെ തലപ്പത്ത് എത്തുന്നതിനായി പഠിക്കുകയും ഡയറക്ടർ സ്ഥാനത്ത് ഇരിക്കുന്നതുമാണോ ഒരു വൈദികന്റെ ധർമ്മം. സുവിശേഷ സത്യങ്ങൾ ജനങ്ങളെ പഠിപ്പിക്കുകയും അതനുസരിച്ച് സമൂഹ മനസാക്ഷിയെ രൂപപ്പെടുത്തുകയും ചെയ്യുവാൻ ദൈവദത്തമായ കടമയുണ്ട് ഒരു പുരോഹിതന്. ക്രിസ്തുവിന്റെ സഭക്ക് ഒഴിവാക്കരുതാത്ത ഘടന ഒന്നേ ഉള്ളൂ , അത്  സ്നേഹത്തിന്റെ ഘടന മാത്രം.

ഉറവയെ മറന്ന് മതിലിന്റെ കല്ലുകൾക്കായി കലഹിക്കുന്നവരോട് ക്രിസ്തു ഇപ്രകാരം പറയുന്നു:

”പണിക്കാർ തള്ളിക്കളഞ്ഞ കല്ല് തന്നെ മുലക്കല്ലായി തീർന്നു. ഇത് കര്തതാവിന്റെ പ്രവൃത്തിയാണ്. ദൈവരാജ്യം നിങ്ങളിൽ നിന്നെടുത്ത് ഫലം പുറപ്പെടുവിക്കുന്ന ജനതക്ക് നൽകപ്പെടും”. (മത്തായി 21 :42, 43)

വാൽക്കഷ്ണം:

കേന്ദ്ര ഗവണ്മെന്റിനെ വിമർശിക്കുന്നവരെ  രാജ്യ ദ്രോഹിയെന്ന് മുദ്രകുത്തും. സഭ നേതാക്കളെ വിമർശിക്കുന്നവരെ   സാത്താൻ സേവകർ എന്ന് പ്രഖ്യാപിക്കാൻ  കൂലി  തൊഴിലാളികൾ ധാരാളമുണ്ട്. എവിടെയും പൈശാചിക ഇടപെടൽ കാണുന്നവരല്ലേ  സത്യത്തിൽ സാത്താന് മഹത്വം  നൽകുന്നത്.