India

ലതാ മങ്കേഷ്കറുടെ നിര്യാണം നികത്താനാകാത്ത നഷ്ടമെന്ന് പ്രധാനമന്ത്രി; രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം

ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ലതാ മങ്കേഷ്കറുടെ സംസ്കാരം ഇന്ന് തന്നെ നടത്തും. വൈകീട്ട് ആറ് മണിക്കാണ് സംസ്കാരം.

ലതാ മങ്കേഷ്കറുടെ നിര്യാണം നികത്താനാകാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു- “ഇന്ത്യൻ സംസ്കാരത്തിന്‍റെ ധീര വനിതയെയാണ് നഷ്ടമായത്. ലതാ ദീദിയിൽ നിന്ന് എനിക്ക് എല്ലായ്പ്പോഴും അളവറ്റ വാത്സല്യം ലഭിച്ചു എന്നത് ബഹുമതിയായി ഞാൻ കരുതുന്നു. അവരുമായുള്ള എന്റെ ഇടപെടലുകൾ അവിസ്മരണീയമായി തുടരും. ലതാ ദീദിയുടെ വിയോഗത്തിൽ ഇന്ത്യക്കാരോടൊപ്പം ഞാനും ദുഃഖിക്കുന്നു. അവരുടെ കുടുംബത്തോട് സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു”

അനുസ്മരിക്കാൻ വാക്കുകളില്ല, രാജ്യത്തിന്റെ നഷ്ടം എന്നതിലുപരി വ്യക്തിപരമായ നഷ്ടമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അനുസ്മരിച്ചു- “ലതാ ദീദിയുടെ വാത്സല്യവും മധുരഭാഷണവും സൗമ്യതയും കൊണ്ട് അവര്‍ എന്നും നമുക്കിടയിൽ ഉണ്ടാകും. കുടുംബത്തോടും എണ്ണമറ്റ ആരാധകരോടും ഞാൻ എന്റെ അനുശോചനം രേഖപ്പെടുത്തുന്നു”.