ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ്. പരസ്യ പ്രചാരണത്തിനുള്ള അവസാന മണിക്കൂറുകളിൽ സ്വന്തം മണ്ഡലമായ വാരണാസിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചല്‍ പ്രദേശിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടി.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ ശേഷിക്കുന്നത് രണ്ട് ദിവസം. ഏഴാം ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും 13ഉം പശ്ചിമ ബംഗാളിലെ 9ഉം ബിഹാറിലെയും മധ്യപ്രദേശിലെയും 8ഉം ഹിമാചല്‍ പ്രദേശിലെ 4ഉം ജാര്‍ഖണ്ഡിലെ മൂന്നും സീറ്റുകള്‍ വിധിയെഴുതും.
2014ല്‍ 59 മണ്ഡലങ്ങളില്‍ 30ഉം ബി.ജെ.പി ഒറ്റക്ക് നേടിയതാണ്. 5 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. 24 ഇടത്ത് സിറ്റിംഗ് എംപിമാർ വീണ്ടും ജനവിധി തേടുന്നു. 2014ൽ ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളില്‍ 11ഉം ബി.ജെ.പിക്കൊപ്പം നിന്നതാണ്. അവസാനവട്ട വോട്ടുറപ്പിക്കുന്ന തിരക്കിലാണ് നേതാക്കള്‍.
ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന കമൽഹാസന്റെയും ഗോഡ്സെയെ സ്തുതിച്ച പ്രഗ്യാസിങ് ഠാക്കൂറിന്റെയും പ്രസ്താവനകള്‍ ഉണ്ടാക്കിയ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് പരസ്യ പ്രചാരണം അവസാനിക്കുന്നത്. പ്രസ്താവനയിൽ ഉടൻ മറുപടി സമർപ്പിക്കാൻ പ്രഗ്യാ സിങ് ഠാക്കൂറിന് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം ബിജെപിയുടെ സീറ്റ് നേട്ടം 300 കടക്കുമെന്നും 350 സീറ്റോടെ എൻ.ഡി.എ മുന്നണി വീണ്ടും അധികാരത്തിലേറുമെന്നാണ് നരേന്ദ്ര മോദിയും അമിത് ഷായും ആവർത്തിക്കുന്നത്. എൻ.ഡി.എയും മോദിയും വീണ്ടും അധികാരത്തിൽ എത്തുന്നത് തടയുക എന്നതാണ് ലക്ഷ്യമെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കോൺഗ്രസ്. ഇതുസംബന്ധിച്ചുള്ള ആശയ വിനിമയം പ്രതിപക്ഷ പാർട്ടികളുമായി തുടരുന്നുമുണ്ട്.