കോവിഡ് 19 നിയന്ത്രണങ്ങൾ നിലനിൽക്കെ മഹാരാഷ്ട്രയിൽ നിന്നും തൊഴിലാളികളെ എത്തിച്ചതിൽ ലക്ഷദ്വീപിൽ പ്രതിഷേധം. തൊഴിലാളികളെ ദ്വീപിൽ ഇറങ്ങാൻ അനുവദിക്കാതെയുള്ള പ്രതിഷേധം പുലർച്ചെ വരെ തുടർന്നു. ലക്ഷദ്വീപിലേക്കുള്ള എല്ലാ യാത്രകൾക്കും നിയന്ത്രണമേർപ്പെടുത്തിയിരിക്കെയാണ് തൊഴിലാളികൾ എത്തിയത്.
കോവിഡ് 19 കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ കനത്ത നിയന്ത്രണങ്ങളാണ് ജനവാസമുള്ള 11 ദ്വീപുകളിലും ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനിടെയാണ് ബംഗാരം ദ്വീപിലെ പുതുതായി നിർമ്മിക്കുന്ന പ്രൈവറ്റ് ടൂറിസ്റ്റ് ഹട്ടിന്റെ ജോലിക്ക് വേണ്ടി മഹാരാഷ്ട്രക്കാരായ തൊഴിലാളികളെ ഹെലികോപ്റ്ററിൽ എത്തിച്ചത്.
ഇവരിലൊരാൾ പനിയുടെ ലക്ഷണം കാണിച്ചതോടെ അഗത്തി ദ്വീപിലെ രോഗികൾക്കായുള്ള ട്രാൻസിസ്റ്റ്‌അക്കമഡേഷനിൽ പാർപ്പിച്ചു. എന്നാൽ ഇന്നലെ നടന്ന ജനത കർഫ്യൂവിനിടെ മെഡിക്കൽ ഓഫീസറിന്റെ അനുമതി പോലും ഇല്ലാതെ ബംഗാരം ദ്വീപിലേക്ക് ഇവരെ മാറ്റാൻ ദ്വീപിലെ ടൂറിസം മേധാവി ശ്രമിച്ചു. ഇതോടെ ജനങ്ങൾ സംഘടിച്ചെത്തി ഇന്ന് പുലർച്ചെ വരെ പ്രതിഷേധം സംഘടിപ്പിച്ചു.
ബോട്ട് കവരത്തി ദ്വീപിലേക്ക് വരാൻ ശ്രമം നടത്തിയതും ജനങ്ങൾ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ഭരണകൂടം ഇടപെട്ട് ഇവരെ ഇന്നു തന്നെ തിരിച്ചയക്കാനാണ് തീരുമാനം.