India

ലഖിംപൂർ ഖേരി ആക്രമണം; കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ സമരം തുടരണം: പ്രിയങ്കാ ഗാന്ധി

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ സമരം തുടരണമെന്ന് പ്രിയങ്കാ ഗാന്ധി. സീതാപൂരില്‍ സമരം ചെയ്യുന്ന പ്രവര്‍ത്തകരോട് ഫോണിലൂടെയാണ് പ്രിയങ്കയുടെ ആഹ്വാനം. വെല്ലുവിളികളെ അതിജീവിച്ചും സമരം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

ഇതിനിടെ ലംഖിപൂരിലേക്ക് പോകാൻ രാഹുൽ ഗാന്ധിയ്ക്ക് യു പി സർക്കാർ അനുമതി നിഷേധിച്ചു . നിരോധനാജ്ഞയെന്നാണ് സർക്കാരിന്റെ വിശദീകരണം. ലഖ്‌നൗവില ഈ മാസം 8 വരെ നിരോധനാജ്ഞ തുടരും.

അതേസമയം എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ഇതുവരെ എഫ്.ഐ.ആറിന്റെ പകര്‍പ്പ് നല്‍കുകയോ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല. നിയമസഹായം തേടാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും നിയമവിരുദ്ധമായാണ് തന്നെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലഖിംപൂര്‍ഖേരിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തത് . രാഷ്ട്രീയ നേതാക്കളെ ലഖിംപൂരിലേക്ക് ഒരുകാരണവശാലും കടത്തിവിടില്ലെന്നുറപ്പിച്ചാണ് യുപി പൊലീസിന്റെ നീക്കങ്ങള്‍.