India

ലഖിംപൂർ ഖേരിയിൽ രാഷ്ട്രീയ നേതാക്കളെ പ്രവേശിപ്പിക്കില്ലെന്ന് യുപി; 28 മണിക്കൂറായി തടവിലെന്ന് പ്രിയങ്ക ഗാന്ധി

ലഖിംപൂർ ഖേരിയിൽ സംഘർഷാവസ്ഥയ്ക്ക് അയവ്. എങ്കിലും ഇവിടെ ഇൻ്റർനെറ്റ് സംവിധാനം അടക്കം വിച്ഛേദിച്ചിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കൾക്ക് ഒരു തരത്തിലും ഇവിടേക്ക് പ്രവേശനം അനുവദിക്കില്ലെന്ന വാശിയിലാണ് യുപി സർക്കാർ. (lakhimpur kheri protest update)

അതേസമയം, സീതാപൂരിൽ തടവിലാക്കിയിരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി രംഗത്തെത്തി. വാഹനമോടിച്ചു കയറ്റിയെന്നാരോപിക്കപ്പെടുന്ന മന്ത്രിപുത്രൻ പുറത്ത് വിലസുമ്പോൾ ഒരു എഫ് ഐ ആർ പോലുമില്ലാതെ തന്നെ 28 മണിക്കൂറിലധികമായി പൊലീസ് തടവിലിട്ടിരിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. പ്രധാനമന്ത്രി അതിനു മറുപടി പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഇന്നലെ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, പഞ്ചാബ് മുഖ്യമന്ത്രി എന്നിവർക്കൊന്നും ലഖിംപൂരിലെത്താൻ അനുമതി നൽകിയിരുന്നില്ല. ഇവർക്ക് ലഖ്നൗ വിമാനത്താവളത്തിൽ പ്രവേശിക്കാൻ പോലും യുപി സർക്കാർ അനുമതി നൽകിയില്ല. പിന്നീട് ഹെലിപ്പാഡിലെങ്കിലും പ്രവേശിക്കാൻ അനുമതി നൽകണമെന്ന് ഇവർ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അതിനും യുപി സർമ്മാർ അനുവാദം നൽകിയില്ല.

ലഖിംപൂർ ഖേരിയിൽ രാഷ്ട്രീയ നേതാക്കൾക്ക് സന്ദർശനം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന് എടുത്തേക്കുമെന്നായിരുന്നു സൂചന. ഉത്തർപ്രദേശ് പൊലീസ് നൽകിയ റിപ്പോർട്ട് അടിസ്ഥാനത്തിലാകും തീരുമാനം കൈക്കൊള്ളുക.

സംഭവത്തിൽ യു പി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിയാവും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക. മരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 10 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകും. മരിച്ചവരുടെ ഒരു കുടുംബാംഗത്തിന് സർക്കാർ ജോലി നൽകും. സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്.

കേന്ദ്രമന്ത്രി അജയ് കുമാർ ടേനിയുടെ മകൻ ആശിഷ് മിശ്രയുൾപ്പെടെ 14 പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തത്. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡൽഹി- യുപി അതിർത്തിയിൽ കർശന പരിശോധന ശക്തമാക്കിയിരിക്കുകയാണ് യുപി പൊലീസ്. ലഖ്‌നൗവിൽ നിന്നും ലഖിംപൂരിലേക്കുള്ള എല്ലാ അതിർത്തി റോഡുകളും പൊലീസ് സീൽ ചെയ്തു.