India

‘കര്‍ഷകരെ കൊലപ്പെടുത്തിയത് ആസൂത്രിതം’; ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ആശിഷ് മിശ്രയ്ക്ക് കുരുക്ക്

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ആക്രമണം ആസൂത്രിതവും മനപൂര്‍വവുമെന്ന് അന്വേഷണ സംഘം. ആശിഷ് മിശ്ര ടേനിയടക്കം 13 പേര്‍ക്കെതിരെ നിര്‍ണായ കണ്ടെത്തലുകളാണ് അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്താണ് റിപ്പോര്‍ട്ട്. ലഖിംപൂര്‍ സിജെഎം കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി അജയ് മിശ്രടേനിയുടെ മകനാണ് ആശിഷ് മിശ്ര.

ഒക്ടോബര്‍ മൂന്നിനാണ് ആശിഷ് മിശ്രയുടെ വാഹനമിടിച്ച് കര്‍ഷകരും പ്രാദേശിക മാധ്യമപ്രവര്‍ത്തകനുമടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടത്. ആശിഷ് മിശ്ര, ലവ്കുഷ്, ആശിഷ് പാണ്ഡെ, ശേകര്‍ ഭാരതി, അങ്കിത് ദാസ്, ലതീഫ്, ശിശുപാല്‍, നന്ദന്‍ സിംഗ്, സത്യം ത്രിപാഠി, സുമിത ജയ്‌സ്വാള്‍, ധര്‍മേന്ദ്ര ബന്ജാര, റിങ്കു റാണ, ഉല്ലാസ് ത്രിവേദി എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ നിലവില്‍ ലഖിംപൂര്‍ഖേരി ജില്ലാ ജയിലിലാണുള്ളത്.

ആദ്യഘട്ടത്തില്‍ അപകടമരണം എന്ന നിലയിലായിരുന്ന ലഖിംപൂര്‍ഖേരി സംഭവത്തില്‍ സുപ്രിംകോടതി ഇടപെട്ട് ശക്തമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നിലവില്‍ അന്വേഷണ സംഘം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടി ഉതിര്‍ത്തിരുന്നതായി നേരത്തെ അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയിലാണ് നേരത്തെ ആശിഷ് മിശ്ര സ്വീകരിച്ച നിലപാടിനെ തള്ളുന്ന തെളിവ് ലഭ്യമായത്. വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ കര്‍ഷകര്‍ക്കു നേരേ ആശിഷ് മിശ്ര വെടിവെച്ചു എന്ന ആരോപണം ബലപ്പെടുത്തുന്നതായിരുന്നു ഫോറന്‍സിക്ക് റിപ്പോര്‍ട്ട്.കര്‍ഷകര്‍ക്കിടയിലെക്ക് വാഹനം ഒടിച്ചുകയറ്റി എന്നതിനൊപ്പം ആ സമയത്ത് ആശിഷ് മിശ്രയും കൂട്ടാളികളും കര്‍ഷകര്‍ക്കു നേരേ വെടിവച്ചതായി ആദ്യം മുതലെ കര്‍ഷകര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂര്‍ ഖേരി സന്ദര്‍ശനത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കര്‍ഷകര്‍ക്കുനേരേ വാഹനം ഇടിച്ചുകയറിയത്. നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും സംഭവത്തില്‍ കൊല്ലപ്പെട്ടു. കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രിംകോടതി രൂക്ഷമായ് വിമര്‍ശിച്ചിരുന്നു.