ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം. ബുധനാഴ്ച കിഴക്കന്‍ ലഡാക്കില്‍ ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായതായാണ് സൂചന. 134 കിലോമീറ്റര്‍ നീളമുള്ള പാങ്കോംഗ് തടാക മേഖലയിലാണ് ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും നേര്‍ക്കുനേര്‍ വന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നത് ചൈനീസ് സൈന്യം തടയാന്‍ ശ്രമിച്ചതാണ് നേരിയ സംഘര്‍ഷത്തിനിടയാക്കിയത്. തുടര്‍ന്ന് പ്രദേശത്തേക്ക് കൂടുതല്‍ സൈനികരെ എത്തിക്കുകയായിരുന്നു. ടിബറ്റ് മുതല്‍ ലഡാക്ക് വരെയുള്ള പാങ്കോംഗ് തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്.
സംഭവത്തില്‍ സൈനികവൃത്തങ്ങളില്‍ നിന്ന് പ്രതികരണം വന്നിട്ടുണ്ട്. ഇത്തരം തര്‍ക്കങ്ങളും പിരിമുറുക്കങ്ങളും പരിഹരിക്കുന്നതിന് ഉഭയകക്ഷി സംവിധാനമുണ്ട്. ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഇതിനായുണ്ട്. നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട ആശയകുഴപ്പമാണ് നിലവിലുള്ളത്. അതിര്‍ത്തിയിലുള്ള ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയും ഫ്ളാഗ് ചര്‍ച്ചകളിലൂടെയും ഇതിന് പരിഹാരം കണ്ടെത്തുമെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.