India

യാത്രാ ആശങ്കയൊഴിഞ്ഞു; കുവൈത്ത് വിമാനത്താവളം വഴി ഞായറാഴ്ച യാത്ര ചെയ്തത് 23,000 പേര്‍

യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനുശേഷം കുവൈറ്റ് വിമാനത്താവളം വഴി ഞായറാഴ്ച മാത്രം 210 വിമാനങ്ങളിലായി 23,000 യാത്രക്കാര്‍ യാത്രചെയ്‌തെന്ന് ഡിജിസിഐ അറിയിച്ചു. 13,000 പേര്‍ കുവൈറ്റില്‍ നിന്ന് യാത്ര തിരിച്ചപ്പോള്‍ 10,000 പേര്‍ രാജ്യത്തേക്ക് എത്തിയതായി അധികൃതര്‍ പറഞ്ഞു.

പുതിയ യാത്രാ തീരുമാനം നടപ്പിലാക്കിയതിന് ശേഷം രാജ്യത്തേക്ക് ആദ്യമായി പ്രവേശിച്ചത് ഇന്ത്യയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനമാണ്. കൊവാക്‌സിന്‍ സ്വീകരിച്ച ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നേരത്തെ ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് എത്താനാകാതെ പ്രതിസന്ധിയിലായത്. പുതിയ തീരുമാനം വന്നതോടെ വലിയ ആശങ്കയൊഴിഞ്ഞ ആശ്വാസത്തിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍.

അതേസമയം കുവൈത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 1329 പുതിയ കൊവിഡ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. 3491 പേര്‍ രോഗമുക്തി നേടി. 20,000ത്തോളം സാമ്പിളുകളാണ് പരിശോധിച്ചത്. നിലവില്‍ ചികിത്സയിലുള്ള 80 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളവരാണ്. 6.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.