India National

ഉന്നാവ് വാഹനാപകട ഗൂഢാലോചന കേസ്; ബി.ജെ.പി എം.എല്‍.എയെ ഇന്ന് ചോദ്യം ചെയ്യും

ഉന്നാവ് വാഹനാപകട ഗൂഢാലോചന കേസിൽ മുഖ്യപ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗാറി‌നെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് സി.ബി.ഐ പ്രത്യേക കോടതി അനുമതി നല്‍കി. അന്വേഷണം ത്വരിതപ്പെടുത്താന്‍ പ്രത്യേക ഇരുപതംഗ സംഘത്തെയും സി.ബി.ഐ നിയോഗിച്ചിട്ടുണ്ട്.

ഉന്നാവ് പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട സംഭവത്തിന്റെ ഗൂഢാലോചനക്കേസില്‍ മുഖ്യപ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങിനെ ചോദ്യം ചെയ്യാന്‍ ഇന്നലെയാണ് ലക്നൌ സി.ബി.ഐ കോടതി അനുമതി നല്‍കിയത്. നിലവില്‍ സീതാംപൂര്‍ ജയിലിലാണ് കുല്‍ദീപ് സിങുള്ളത്. ജയിലിലെത്തി ഇയാളെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. അപകടം ആസൂത്രണം ചെയ്യുന്നതിലെ ഗൂഢാലോചനയില്‍ എം.എല്‍.എക്കുള്ള പങ്കാണ് സംഘം അന്വേഷിക്കുന്നത്. ‌അപകടത്തില്‍പെട്ട ട്രക്കിന്റെ ഡ്രൈവറെയും ക്ലീനറെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി ഒരാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെയും അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിക്കണമെന്നതിനാല്‍ ഇരുപതംഗ പ്രത്യേക ‌സംഘത്തെയും സി.ബി.ഐ നിയോഗിച്ചിട്ടുണ്ട്.

എസ്.പി അഡീഷണല്‍ എസ്.പി, ഡി.എസ്.പി ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍ എന്നീ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഉന്നാവ് ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും അഭിഭാഷകനും സഞ്ചരിച്ച കാര്‍ അമിത വേഗതയിലെത്തിയ ട്രക്കുമായി ദുരൂഹ സാഹചര്യത്തില്‍ കൂട്ടിയിടിച്ച സ്ഥലം ഇന്നലെ തന്നെ അന്വേഷണ സംഘം സന്ദര്‍ശിച്ചിരുന്നു. ഫോറന്‍സിക് സംഘവും ഇവിടെയെത്തി തെളിവെടുത്തിരുന്നു.