India National

കുല്‍ഭൂഷണ്‍ യാദവിനെ കൈമാറണമെന്ന് പാകിസ്ഥാനോട് ഇന്ത്യ; നിയമ നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് വിദേശകാര്യമന്ത്രി

കുല്‍ഭൂഷണ്‍ ജാദവിന്‍റെ സുരക്ഷയും നീതിയും ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇന്ത്യ. അന്താരാഷ്ട്ര കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ നടത്തിയ പ്രസ്താവനയിലാണ് ഇന്ത്യയുടെ പ്രതികരണം. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യക്കനുകൂലമായി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വന്ന ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് പാക് പ്രധാനമന്ത്രി കുൽഭൂഷണെതിരായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ട്വീറ്റ് ചെയ്തത്. പാക് ജനതക്കെതിരെ കുറ്റം ചെയ്തയാളാണ് കുൽഭൂഷണ്‍. വിട്ടയക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളിയ കോടതി വിധിയെ അഭിനന്ദിക്കുന്നുവെന്നും ട്വീറ്റില്‍ ഇംറാന്‍ ഖാന്‍ പറഞ്ഞു. എന്നാല്‍ കുല്‍ഭൂഷന് നീതിയും സുരക്ഷയും ഉറപ്പുവരുത്താന്‍ ഏതറ്റം വരെയും പോകുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു. അന്താരാഷ്ട്ര കോടതി വിധിയെ സ്വാഗതം ചെയ്ത് നടത്തിയ പ്രസ്താവനയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

രാജ്യ‌സഭ ഐക്യകണ്ഠേന പ്രസ്താവന ശരിവെച്ചു. കുല്‍ഭൂഷണ്‍ ജാദവിനെ കേസില്‍ നിന്നും ഒഴിവാക്കി ഇന്ത്യയിലെത്തിക്കണമെന്നും പ്രസ്താവനയിലൂടെ ഇന്ത്യ ആവശ്യപ്പെട്ടു. ഇത്തരമൊരു അനുകൂല വിധി സമ്പാദിക്കാന്‍ നിയമപോരാട്ടത്തിലേര്‍പ്പെട്ട ഹരീഷ് സാല്‍വെയെ പ്രസ്താവന അഭിനന്ദിച്ചു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലും ധൈര്യത്തോടെ നിലകൊണ്ട കുല്‍ഭൂഷണ്‍ ജാദവിന്‍റെ കുടുംബത്തോട് രാജ്യസഭ ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. സമാനമായ പ്രസ്താവന ലോക്സഭയിലും കേന്ദ്രവിദേശ കാര്യ മന്ത്രി നടത്തും.