ഒരു കോടി രൂപ വിലയുള്ള ആഢംബര വാച്ചുകൾ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച മുംബൈ ഇന്ത്യൻസ് താരം ക്രുനാൽ പാണ്ഡ്യയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻലിജൻസ് കസ്റ്റഡിയിൽ എടുത്തു. ഐപിഎൽ കീരിടം നേടിയ മുംബൈ ഇന്ത്യൻസ് ടീം ഇന്നലെ വൈകിട്ടാണ് പ്രത്യേക വിമാനത്തില്‍ മുംബൈ വിമാനത്താവളത്തിലെത്തിയത്.
നേരത്തെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രുനാലിനെ ഡി.ആർ.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. തുടർന്നാണ് നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച വാച്ചുകൾ കണ്ടെടുത്തത്. ഡയമണ്ട് പതിച്ച ഒരു ഓദുമാ പീഗെ വാച്ചും രണ്ട് റോളക്സ് വാച്ചുകളുമാണ് ക്രുനാലിന്റെ കൈവശം ഉണ്ടായിരുന്നത്. ഇവക്ക് ഒരു കോടി രൂപ വിലവരുമെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓദുമാ പീഗെക്ക് മാത്രം ഇന്ത്യയിൽ 50 ലക്ഷം രൂപ വിലയുണ്ട്. രണ്ട് വാച്ചുകളും ഡി.ആർ.ഐ മുംബൈ കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. പിഴയും നികുതിയും നൽകിയാൽ ക്രുനാലിന് ഇവ തിരികെ നൽകുമെന്ന് ഡി.ആർ.ഐ അറിയിച്ചു. 35000 രൂപക്ക് മുകളിൽ വിലയുള്ള ആഡംബര വാച്ചുകൾക്ക് 35 ശതമാനം നികുതി അടക്കണം.
സോഷ്യല്‍ മീഡിയകളിലും പ്രധാനമായി ഇന്‍സ്റ്റഗ്രാമിലും ക്രുനാല്‍ ഷെയര്‍ ചെയ്തിരുന്ന ചിത്രങ്ങളിലെ വ്യത്യസ്തമായ വാച്ചുകള്‍ കണ്ട് പാണ്ഡ്യയെ കുറച്ചുകാലമായി ഡിആർഐ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മുംബൈ മിറര്‍ റിപ്പോർട്ടിൽ പറയുന്നു. തനിക്ക് നിയമങ്ങളെക്കുറിച്ച് അറിയില്ലെന്നും ക്ഷമ ചോദിക്കുന്നുവെന്നും പിഴ ചുമത്താന്‍ തയ്യാറാണെന്നും ക്രുനാല്‍ ഡി.ആര്.ഐ ഉദ്യോഗസ്ഥരോട് പറഞ്ഞു.
29 കാരനായ ക്രുനാൽ പാണ്ഡ്യ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി 71 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.