India

കര്‍ഷകരുടെ മക്കള്‍ക്ക് 1000 കോടിയുടെ സ്‌കോളര്‍ഷിപ്പ്; പദ്ധതിയുമായി കര്‍ണാടക മുഖ്യമന്ത്രി

കര്‍ഷകരുടെ മക്കള്‍ക്ക് ആയിരം കോടി രൂപയുടെ പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.കൊവിഡിനിടെ ചെലവുകള്‍ ചുരുക്കിയും വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ചും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ടിന് മുന്‍പാകെയാണ് ബുധനാഴ്ച രാവിലെ 61-കാരനായ ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിന് എത്തിയിരുന്നു.

വിധവ പെന്‍ഷന്‍ 600-ല്‍നിന്ന് 800 ആയി ഉയര്‍ത്തി. 414 കോടി രൂപയുടെ അധികച്ചെലവാണ് ഇതിനുണ്ടാകുക. 17.25 ലക്ഷം ഗുണഭോക്താക്കള്‍ക്ക് നേട്ടമാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചൂണ്ടിക്കാട്ടി. ദിവ്യാംഗര്‍ക്കുള്ള സാമ്പത്തിക സഹായം 600-ല്‍ നിന്ന് 800 ആക്കി ഉയര്‍ത്തി. ഇതിനായി 90 കോടി രൂപ അധികം ചെലവഴിക്കും. 3.66 ലക്ഷം ഗുണഭോക്താക്കളുണ്ട്. സന്ധ്യ സുരക്ഷാ പദ്ധതിക്കു കീഴിലുള്ള ആയിരം രൂപയുടെ വാര്‍ധക്യ പെന്‍ഷന്‍ 200 വര്‍ധിപ്പിച്ചു. 863.52 കോടി രൂപ ഇതിന് ആവശ്യമാണ്. 35.98 ലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും.