സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി ബിഹാർ പൊലീസ്. റിയ ചക്രവർത്തി മുന്നോട്ട് വരണമെന്ന് ബിഹാർ ഡി.ജി.പി ഗുപ്‌തേശ്വർ പാണ്ഡെ ആവശ്യപ്പെട്ടു. സുപ്രധാന രേഖകൾ മുംബൈ പൊലീസ് കൈമാറുന്നില്ലെന്ന് ബിഹാർ അന്വേഷണസംഘം കുറ്റപ്പെടുത്തി. അതേസമയം, റിയ ദുർമന്ത്രവാദം നടത്തുമായിരുന്നുവെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്തും ആരോപിച്ചു.
സുശാന്തിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണ അടക്കം കുറ്റങ്ങൾ ചുമത്തപ്പെട്ട നടി റിയ ചക്രവർത്തിയെ കണ്ടെത്താൻ ബിഹാർ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. തിരച്ചിൽ ഊർജിതമായി തുടരുന്നതിനിടെയാണ്, നടി അന്വേഷണവുമായി സഹകരിക്കണമെന്ന് ബിഹാർ ഡി.ജി.പി ഗുപ്‌തേശ്വർ പാണ്ഡെ ആവശ്യപ്പെട്ടത്. ഒളിച്ചുകളിയുടെ കാര്യമെന്തെന്നും സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ബിഹാർ ഡി.ജി.പി ചോദിച്ചു. ഇതിനിടെ, മുംബൈയിൽ തങ്ങുന്ന ബിഹാർ പൊലീസ് അന്വേഷണ സംഘം കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തി. മുംബൈ പൊലീസ് സുപ്രധാന വിവരങ്ങളും, നിർണായക രേഖകളും കൈമാറാൻ തയാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
സുശാന്ത് കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്ന് തെറാപ്പിസ്റ്റ് സൂസൻ വാക്കർ വ്യക്തമാക്കി. റിയ ചക്രവർത്തി ദുർമന്ത്രവാദം നടത്തുമായിരുന്നുവെന്ന് സുശാന്തിന്റെ അടുത്ത സുഹൃത്ത് ക്രിസാൻ ബരെറ്റൊ ആരോപിച്ചു. നടന്റെ മുൻ ഓഫീസ് ജീവനക്കാരനും നേരത്തെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു.