India National

കൊറോണ ഭീതി; ഡല്‍ഹിയില്‍ മൂന്ന് സ്കൂളുകള്‍ കൂടി അടയ്ക്കുന്നു

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും പരിസരത്തും കൂടുതല്‍ സ്‌കൂളുകള്‍ അടയ്ക്കുന്നു. നോയിഡയിലെ ശ്രീറാം മില്ലേനിയം, ശിവ് നാടര്‍ എന്നീ സ്‌കൂളുകളാണ് കഴിഞ്ഞദിവസം അടച്ചത്. ഇതിനു പിന്നാലെ വസന്ത് വിഹാറിലെ ശ്രീംറാം മില്ലേനിയം സ്‌കൂള്‍, ഗുഡ്ഗാവിലെ ആരാവലി, മോള്‍സാരി ക്യാമ്ബസ് എന്നിവയാണ് അടയ്ക്കുന്നത്.

നോയിഡയിലെ ശ്രീറാം മില്ലേനിയം സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികളുടെ രക്ഷിതാവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് സ്‌കൂളിന് വെള്ളിയാഴ്ച വരെ അവധി നല്‍കിയത്. ഇയാളുടെ വീട്ടില്‍ നടത്തിയ ജന്മദിനാഘോഷത്തില്‍ സ്‌കൂളില്‍ നിന്നുള്ള സഹപാഠികളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. മുന്‍കരുതലെന്ന നിലയിലാണ് സ്‌കൂള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ശിവ് നടാര്‍ സ്‌കൂളിന് മാര്‍ച്ച്‌ 10 വരെ അവധി പ്രഖ്യാപിച്ചു.

വസന്ത് വിഹാറിലെ ശ്രീറാം മില്ലേനിയം സ്‌കൂള്‍, ആരാവലി മോള്‍സാരി ക്യാമ്ബസുകളും വരും ദിവസങ്ങളില്‍ അടച്ചിടും. സ്പ്രിങ് വെക്കേഷന്‍ തുടങ്ങുന്നത് നേരത്തേയാക്കി സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ ഇന്ത്യയില്‍ ഏഴ് പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.