ഭീമ കൊറഗാവ് കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്ന് വീണ്ടും സുപ്രീംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് എസ് രവീന്ദ്രഭട്ടാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ജഡ്ജിമാരുടെ പിന്മാറ്റത്തെ തുടര്‍ന്ന് മൂന്നാം തവണയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. ഹരജി പരിഗണിക്കവെ ബഞ്ചിലെ മറ്റൊരംഗം ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് പിന്മാറുകയായിരുന്നു. ഹരജി പരിഗണിക്കുന്നതില്‍ നിന്ന് നേരത്തെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയും പിന്നീട് ജസ്റ്റിസ് രമണ അധ്യക്ഷനായ ബഞ്ചും പിന്മാറിയിരുന്നു. ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഢി, ബി.ആര്‍ ഗവായ് എന്നിവരാണ് എന്‍.വി രമണയുടെ ബഞ്ചിലുണ്ടായിരുന്നത്. മൂന്നാം തവണയാണ് ഇതോടെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്മാറുന്നത്.
ഭീമ കൊറഗാവിലുണ്ടായ ജാതീയ സംഘര്‍ഷത്തില്‍ പുനെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസില്‍ കുറ്റാരോപിതനായ പൗരാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ് ലാഖയാണ് സുപ്രീംകോടതിയെ സമീപിച്ചത്. നവ് ലാഖയുടെ അറസ്റ്റ് തടഞ്ഞുള്ള കോടതി ഉത്തരവിന്‍റെ സമയ പരിധി നാളെ അവസാനിക്കും. ഹരജി മറ്റൊരു ബഞ്ച് നാളെ പരിഗണിക്കും.
നേരത്തെ ബോംബെ ഹൈക്കോടതി ഹരജി തള്ളിയതിനെ തുടര്‍ന്നാണ് നവ് ലാഖ സുപ്രീം കോടതിയിലെത്തിയത്. കേസ് കേള്‍ക്കുകയാണെങ്കില്‍ തങ്ങളുടെ ഭാഗവും കേള്‍ക്കണമെന്ന് കാണിച്ച് മഹാരാഷ്ട്ര സര്‍ക്കാറിന്റെ അപേക്ഷയും കോടതിക്ക് മുന്നിലുണ്ട്. ഭീമ കൊറഗാവ് സംഘര്‍ഷം സംഘടിപ്പിക്കുന്നതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ദലിത് ആക്ടിവിസ്റ്റുകളെയും അക്കാദമിക രംഗത്തുള്ളവരെയും റെയ്ഡ് നടത്തുകയും പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. കേസിന്റെ പേരില്‍ പൊലീസ് പൊതുപ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് നേരത്തെ വിമര്‍ശമുയര്‍ന്നിരുന്നു.