India National

രാഹുലിനെ വെല്ലുവിളിച്ച്‌ അമിത് ഷാ

രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച്‌ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. പൗരത്വ ഭേദഗതി നിയമം മുസ്ലീംകള്‍ക്കെതിരെയാണെന്ന് തെളിയിക്കാന്‍ കഴിയുമോ എന്നാണ് രാഹുല്‍ ഗാന്ധിയെ അമിത് ഷാ വെല്ലുവിളിച്ചത്. പൗരത്വഭേദഗതി നിയമം ന്യൂനപക്ഷങ്ങളുടെ, മുസ്ലീംകളുടെ പൗരത്വം എടുത്തുകളയുമെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്, വിഷയത്തില്‍ കോണ്‍ഗ്രസ് കള്ളപ്രചാരണം നടത്തുകയാണെന്ന് അമിത് ഷാ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ധൈര്യപൂര്‍വ്വം തീരുമാനങ്ങളെടുത്തെന്ന് അമിത് ഷാ പറഞ്ഞു. അഞ്ചുവര്‍ഷത്തിനു ശേഷം വീണ്ടും നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും. രാജ്യം അപ്പോള്‍ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്ബത്തിക ശക്തിയായിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഷിംലയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീംകളുടെ പൗരത്വം എടുത്തുകളയുമെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. നിയമത്തിലെ ഏതെങ്കിലും വരിയില്‍ അങ്ങനെ ആരുടെയെങ്കിലും പൗരത്വം എടുത്തുകളയുമെന്ന് പറഞ്ഞിട്ടുണ്ടോ. അത് തെളിയിക്കാന്‍ ഞാന്‍ രാഹുല്‍ ബാബയെ വെല്ലുവിളിക്കുകയാണ് അമിത് ഷാ പറഞ്ഞു.

യുപിഎ സഖ്യം പത്തുവര്‍ഷം രാജ്യം ഭരിച്ചു. അന്നൊക്കെ പാകിസ്ഥാന്‍ ഭീകരര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറി നമ്മുടെ സൈനികരെ വകവരുത്തി. അന്നത്തെ പ്രധാനമന്ത്രിയാവട്ടെ അതിനെതിരെ ശബ്ദമൊന്നും ഉയര്‍ത്തിയതുപോലുമില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.