India

എയർ ഇന്ത്യ ഹാംഗറുകള്‍ തകർന്നുവീണു; വിമാനം വെള്ളത്തിൽ, കൊൽക്കത്ത എയർപോർട്ടിലും നാശം വിതച്ച് ഉംപുൻ

ഉപയോഗത്തിലില്ലാതിരുന്ന എയർ ഇന്ത്യയുടെ രണ്ട് ഹാംഗറുകളാണ് കാറ്റിൽ നിലംപൊത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

ബംഗാൾ ഉൾക്കടൽ തീരങ്ങളിൽ മരണംവിതച്ച് ആഞ്ഞുവീശിയ ഉംപുൻ ചുഴലിക്കൊടുങ്കാറ്റിൽ വെള്ളത്തിലായി കൊൽക്കത്ത വിമാനത്താവളം. ആറു മണിക്കൂർ നേരം 120 കി.മീ വേഗതയിൽ ആഞ്ഞുവീശിയ കാറ്റിനെ തുടർന്നുണ്ടായ പെരുമഴ വിമാനത്താവളത്തിന്റെ ഒരു ഭാഗം വെള്ളത്തിലാക്കി. എയർ ഇന്ത്യാ വിമാനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന രണ്ട് ഹാംഗറുകളുടെ മേൽക്കൂര തകർന്നുവീണു. നേരത്തെ മുൻകരുതൽ സ്വീകരിച്ചതിനാൽ യാത്രാ-കാർഗോ വിമാനങ്ങൾക്ക് കാര്യമായ കേടുപാടുകൾ ബാധിച്ചില്ലെങ്കിലും ഒരു വിമാനം പകുതിയോളം വെള്ളത്തിൽ മുങ്ങി.

കൊടുങ്കാറ്റിനെ തുടർന്ന് റൺവേയുടെയും പാർക്കിംഗ് ബേയുടെയും സമീപത്ത് വൻതോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇവിടെ ഉപയോഗത്തിലില്ലാതിരുന്ന എയർ ഇന്ത്യയുടെ രണ്ട് ഹാംഗറുകളാണ് കാറ്റിൽ നിലംപൊത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഒരു ഹാംഗറിന്റെ പുറത്തുണ്ടായിരുന്ന എയര്‍ഇന്ത്യയുടെ ചെറുവിമാനം ബോഡിവരെ വെള്ളത്തിലായി. വിമാനത്തിനടുത്തുണ്ടായിരുന്ന ബസ്സും മറ്റു വാഹനങ്ങളും വെള്ളത്തിൽ മുങ്ങി.