India

ഹര്‍ത്താല്‍ ദിനത്തിലെ പൊലീസ് സമീപനത്തിനെതിരെ സി.പി.എം

ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളോടുളള പൊലീസ് സമീപനത്തിനെതിരെ സി.പി.എം. പൊതു തീരുമാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഒരു വിഭാഗം പൊലീസുകാരെ നിഷ്ക്രിയരാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുണ്ട്. പന്തളത്ത് ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍റെ മരണം ആസൂത്രതിമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത് ഏതെങ്കിലും തലതിരിഞ്ഞ ഉദ്യോഗസ്ഥനായിരിക്കുമെന്നും കോടിയേരി തുറന്നടിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ നിയന്ത്രിക്കാനാവശ്യമായ ഇടപെടല്‍ നടത്താത്ത ഉന്നത ഉദ്യോഗസ്ഥരെ ഡി.ജി.പി വിമര്‍ശിച്ചതിന് പിന്നാലെയാണ് സി.പി.എം നേതൃത്വവും പൊലീസ് ഇടപെടലിലെ അതൃപ്തി വ്യക്തമാക്കുന്നത്.

പന്തളത്ത് ശബരമില കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് ആസൂത്രിത അക്രമിത്തിലൂടെയാണെന്ന പൊലീസ് റിപ്പോര്‍ട്ടിനെതിരേയും കോടിയേരി രംഗത്ത് വന്നു. അക്രമങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കലക്ടര്‍മാര്‍ ഇടപെട്ട് സമാധാന ചര്‍ച്ചകള്‍ നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. വിദ്യാലയങ്ങള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആയുധപ്പുരകളാക്കുന്നുവെന്നും സി.പി.എം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ് പ്രകോപനത്തില്‍ വീണ് പോകരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.